മാലിന്യശേഖരണ കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും വേണം: ജില്ലാ കളക്ടര്‍
മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്്. സ്വച്ഛതാ ഹി സേവ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന തീവ്രശുചീകരണ പരിപാടിയോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന് സംഘടിപ്പിച്ച ശുചിത്വം, ആരോഗ്യം, മാലിന്യസംസ്കരണം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. നിലവില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണോ എന്ന് വിലയിരുത്തണം. കൂടാതെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വിപുലമാക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഓരോ മേഖലയിലും വലിയ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കും. ജില്ലയിലെ മാലിന്യശേഖരണ പ്രക്രിയകള്‍ സംസ്ഥാനതലത്തില്‍ മാതൃകയാകണമെന്നും കളക്ടര്‍ പറഞ്ഞു. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്.രാജേഷ് അദ്ധ്യക്ഷത വഹിച്ച ശില്പശാലയില് പ്രളയാനന്തര ആരോഗ്യം എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. നന്ദിനിയും പ്രളയാനന്തര ശുചീകരണവും മാലിന്യസംസ്കരണവും എന്ന വിഷയത്തില്‍ സംസ്ഥാന ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ അമീര്ഷയും ക്ലാസുകള്‍ നയിച്ചു. ശുചിത്വമിഷന് ജില്ലാ കേര്‍ഡിനേറ്റര്‍ കെ. രശ്മിമോള്, ജില്ലാ പഞ്ചായത്ത്് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. അബൂബക്കള്‍ സിദ്ദിഖ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഹരി, വനിതാക്ഷേമ വിഭാഗം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ശോഭന എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
(പിഎന്‍പി 3116/18)
- Log in to post comments