റേഷന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി
സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ സെര്‍വറിന്റെ പുനക്രമീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഒരാഴ്ചക്കാലമെങ്കിലും ഇ-പോസ് മെഷീന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ മാനുവലായി ബില്‍ എഴുതി റേഷന്‍ വിതരണം നടത്തുന്നതിന് ജില്ലയിലെ എല്ലാ റേഷന്‍ വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാനുവലായി റേഷന്‍ വിതരണം നടത്തുമ്പോള്‍ മറ്റു കടകളില്‍ നിന്നും റേഷന്‍ വാങ്ങുന്നതിനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഉപഭോക്താക്കള്‍ അവരവരുടെ റേഷന്‍ കടകളില്‍ തന്നെ സാധനങ്ങള്‍ കൈപ്പറ്റണം.
സെപ്തംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഒക്‌ടോബര്‍ ആറ് വരെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അധികമായി 4127 മെ.ടണ്‍ അരി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് ജില്ലയിലെ മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നീല, വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭ്യമാക്കും. ഓണം സ്‌പെഷ്യല്‍ പഞ്ചസാരയുടെ നീക്കിയിരിപ്പില്‍ നിന്നും എഎവൈ വിഭാഗത്തിന് കാര്‍ഡൊന്നിന് ഒരു കിലോ പഞ്ചസാര വീതം 21 രൂപ നിരക്കില്‍ ലഭിക്കും.
(പിഎന്‍പി 3134/18)
- Log in to post comments