Skip to main content

ഡെങ്കിപ്പനി: കാനത്തൂര്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന

കണ്ണൂര്‍ ടൗണില്‍ കോര്‍പ്പറേഷന്‍ 51-ാംഡിവിഷന്‍ കാനത്തൂര്‍ ഭാഗത്ത് ഡെങ്കി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പലയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കുന്നതിന് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ വെള്ളക്കെട്ട് നീക്കിയില്ലെങ്കില്‍ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളുമെന്ന് ഡിഎംഒ അറിയിച്ചു. കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിങ്ങ് നടത്തി.

date