പ്രളയാനന്തര കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ വികസനസമിതി
കാക്കനാട്: പ്രളയാനന്തരം ജില്ല നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലസേചനത്തിനും വെള്ളം ലഭിക്കുന്നില്ല. പ്രളയത്തെ അതിജീവിച്ച കൃഷികളും ഇക്കാരണത്താല്‍ നാശത്തിന്റെ വക്കിലാണ്. വെള്ളം ഒഴുക്കുന്നതിനു മുന്നോടിയായി കനാലുകള്‍ വൃത്തിയാക്കണം. ഇക്കാര്യത്തില്‍ ജല അതോറിറ്റിയും ജലസേചനവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രളയത്തില്‍ ജില്ലയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘവും ഐക്യരാഷ്ട്രസഭ സംഘവും കിഴക്കന്‍ മേഖല കൂടി സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. പ്രദേശത്തെ ഒരു തൂക്കുപാലം ഒഴുകിപ്പോയി. ഒരു സ്‌കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വ്യാപക കൃഷിനാശവും സംഭവിച്ചു. ജില്ലയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കാക്കുമ്പോള്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പ്രളയത്തിനുശേഷം പായിപ്ര പഞ്ചായത്തിലെ കുരുട്ടായി മല നെടുകെ പിളര്‍ന്ന നിലയിലാണുള്ളത്. വിദഗ്ധസംഘം സ്ഥലപരിശോധന നടത്തി തദ്ദേശവാസികളുടെ ആശങ്കയകറ്റണം. തൃക്കളത്തൂര്‍ കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ടാഴ്ചയായി. 750 കുടുംബങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയാണിത്. കനാലില്‍ മണ്ണടിഞ്ഞുണ്ടായ തടസ്സം മാറ്റി പെരിയാര്‍വാലി കനാല്‍ ഉടന്‍ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികളടക്കമുള്ളവര്‍ക്കും കര്‍ഷകര്‍ക്കും കൈത്താങ്ങ് നല്‍കണം. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി വേണം. മൂവാറ്റുപുഴ പ്രദേശത്തെ പൈനാപ്പിള്‍ കൃഷി പൂര്‍ണ്ണമായും നശിച്ചു. നഷ്ടപരിഹാരത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് കൊച്ചി - മധുര ദേശീയപാതയ്ക്കുണ്ടായ കേടുപാടുകള്‍ ഉടനടി പരിഹരിക്കണം. ഗ്രാമീണ റോഡുകളിലെ സര്‍വ്വീസ് വെട്ടിക്കുറച്ച കെ.എസ്.ആര്‍.ടി.സി.യുടെ നടപടി പുന:പരിശോധിക്കണമെന്നും ഇന്ദിര ആവാസ് യോജനയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള സംസ്ഥാനവിഹിതം ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ ഡാമുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് പ്രളയദുരിതാശ്വാസനിധിയില്‍നിന്നും തുക വകയിരുത്തണമെന്ന് പി.ടി.തോമസ് എം.എല്‍.എ.ആവശ്യപ്പെട്ടു. അന്ധകാരത്തോടിനു മുകളിലൂടെയുള്ള അനധികൃത കൈയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം. വെണ്ണല -- പാലച്ചുവട് റോഡ് വെട്ടിപ്പൊളിച്ചത് ഉടന്‍ നന്നാക്കണം. പാലാരിവട്ടം- കളമശ്ശേരി -പൈപ്പ് ലൈന്‍ റോഡിന്റെ അറ്റകുറ്റപ്പണി വേഗത്തിലാക്കണം. റോഡിനു സമീപത്തുള്ള അങ്കണവാടികള്‍ മതില്‍ കെട്ടി സംരക്ഷിക്കണം. റോഡരികില്‍ മാലിന്യം തള്ളുന്നതും അയല്‍ ജില്ലകളില്‍നിന്നും മാലിന്യം ജില്ലയില്‍ കൊണ്ടുവന്നു തള്ളുന്നതും തടയാന്‍ നടപടി വേണം. കെ.പി.വള്ളോന്‍ റോഡിനു വീതികൂട്ടാനുള്ള സ്ഥലമെടുപ്പു നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി മേഖലയായ കുട്ടമ്പുഴ ക്ണാച്ചേരി പ്രദേശത്ത് പ്രളയത്തോടനുബന്ധിച്ച് ഉരുള്‍പൊട്ടിയത് വ്യാപക കൃഷിനാശത്തിന് കാരണമായതായി ആന്റണി ജോണ്‍ എം.എല്‍.എ. അറിയിച്ചു. റബ്ബര്‍ കൃഷിയ്ക്ക് വ്യാപകനാശമുണ്ടായി. കൃഷിഭൂമിയ്ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ലാത്ത കര്‍ഷകരും നിരവധിയാണ്. അടിയന്തരധനസഹായം അനുവദിച്ചത് വീട്ടില്‍ വെള്ളം കയറിയവര്‍ക്കുമാത്രമായതിനാല്‍ ആ ലിസ്റ്റില്‍ പ്രദേശവാസികള്‍ ഉള്‍പ്പെട്ടില്ല. ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്തെ കുന്ന് വിണ്ടുകീറി നില്‍ക്കുകയാണ്. ഇവിടെ ഭൗമശാസ്ത്രപഠനം നടത്തണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി. മാത്രം സര്‍വ്വീസ് നടത്തുന്ന മൂവാറ്റുപുഴ തിരുവാങ്കുളം പെരുമ്പാവൂര്‍ റൂട്ടിലെ സര്‍വ്വീസ് നിര്‍ത്തലാക്കിയ നടപടി രോഗികളടക്കമുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയതായി വി.പി.സജീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ലാഭമില്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കുമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ നിലപാടു ജനദ്രോഹപരമാണ്. പെരിയാര്‍ വാലി കനാലിന്റെ വശങ്ങള്‍ ഇടിഞ്ഞത് അറ്റകുറ്റപ്പണി ചെയ്യണം. പത്താം മൈല്‍ പട്ടിമറ്റം , മണ്ണൂര്‍ കോതാശ്ശേരി റോഡുകളിലെ കുഴികള്‍ ഉടനെ അടയ്ക്കണമെന്നും എംഎല്‍എ പറഞ്ഞു.
പിറവം മാമല, നടക്കാവ് റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ അനൂപ് ജേക്കബ് എം.എല്‍.എ.ആവശ്യപ്പെട്ടു. മറ്റത്താന്‍ കടവ് പാലത്തിന്റെയും കിഴുമുറിപ്പാലത്തിന്റെയും അപ്രോച്ച് റോഡ് നിര്‍മ്മാണ നടപടികളും വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ചിത്രപ്പുഴ മാമല തിരുവാങ്കുളം റോഡ് നിര്‍മ്മാണത്തിന് വിട്ടുകിട്ടിയ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ വില്ലേജ് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മുട്ടാര്‍ പുഴയുടെ സംരക്ഷണഭിത്തി തകര്‍ന്നത് വാഹനങ്ങള്‍ വെള്ളത്തിലേക്കു മറിയാനിടയാക്കുമെന്നും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. വേലിയേറ്റ സമയമായതിനാല്‍ ഇതുവഴി സഞ്ചരിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത ഭീഷണിയാണ്. വടുതല ജനകീയ റോഡ് പട്ടയത്തിന്റെ സര്‍വ്വേ നടപടികള്‍ പുനരാരംഭിക്കണം. 70 ശതമാനം പൂര്‍ത്തിയായ സര്‍വ്വേ പ്രളയത്തെ തുടര്‍ന്നാണ് നിര്‍ത്തിയത്. എന്നാല്‍ അതിനുശേഷം അളവുപകരണങ്ങള്‍ പ്രദേശത്തുനിന്നും എടുത്തുകൊണ്ടുപോയിരിക്കുകയാണ്. 179 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. റവന്യൂ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പട്ടയം ലഭ്യമാക്കുന്നതില്‍ അനുകൂല നിലപാടെടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വടുതല -ചിറ്റൂര്‍- ചേരാനെല്ലൂര്‍ പ്രദേശത്തെ കുടിവെള്ള വിതരണത്തിന്റെ പമ്പിങ് സമയവും മര്‍ദ്ദവും കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ വിതരണ നടപടികള്‍ വേഗത്തിലാക്കണം.
നീലീശ്വരം, ആവണങ്കോട്, മലയാറ്റൂര്‍, പാറക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ റോജി എം.ജോണ്‍ എം.എല്‍.എ.ആവശ്യപ്പെട്ടു. മലയാറ്റൂര്‍ മേഖലയിലേക്കുള്ള ചാലക്കുടി, ഇടമലയാര്‍ പദ്ധതികളിലൊന്നും വെള്ളമില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണ്. പദ്ധതി നടത്തിപ്പിലെ നടപടികള്‍ ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ഞപ്ര പഞ്ചായത്തിലെ പത്താം നമ്പര്‍ അങ്കണവാടിയുടെ സ്ഥലം ഉടന്‍ പോക്കുവരവ് ചെയ്തുകൊടുക്കണം. ഒന്നരവര്‍ഷമായി നീണ്ടുപോകുന്ന അങ്കമാലി കോടതിയുടെ ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം.
പ്രളയത്തിനുശേഷമുള്ള പ്രധാനപ്രശ്‌നം മാലിന്യനിര്‍മാര്‍ജ്ജനമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് പറഞ്ഞു. തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ഓടകളില്‍നിന്നും വശങ്ങളിലേയ്ക്ക് കോരിയിടുന്ന ചെളി ഉടനടി മാറ്റി സ്ഥലം നികത്തലിനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിച്ചാലേ ഓടവൃത്തിയാക്കല്‍ പൂര്‍ണ്ണമാകൂ എന്ന് അദ്ദേഹം പറഞ്ഞു. പെരിയാര്‍ വാലി പദ്ധതിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് ഉടന്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭ പ്രദേശത്ത് ജല അതോറിറ്റി നടത്തുന്ന കുടിവെള്ള വിതരണം കൂലിപ്പണിക്കു പോകുന്നവര്‍ക്കുകൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ ക്രമീകരിക്കണമെന്ന് അധ്യക്ഷ എം.ടി.ഓമന ആവശ്യപ്പെട്ടു. ടാങ്കര്‍ ലോറിയില്‍ ജലമെത്തിച്ചാല്‍ ഉപകാരമാകും. കാക്കനാട് വീഗാലാന്റ് റൂട്ടില്‍ അത്താണി ഭാഗത്ത് റോഡിന്റെ കൈവരി തകര്‍ന്നത് ഉടന്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ അനിത ഏലിയാസ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments