Skip to main content

രാജാരവിവർമ്മ പുരസ്‌കാര സമർപ്പണം നാളെ (ജൂലൈ 11)

*ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിക്കും

2022-ലെ രാജാരവിവർമ്മ പുരസ്‌കാരം മന്ത്രി സജി ചെറിയാൻ നാളെ (ജൂലൈ 11 ) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മലയാളിയായ പ്രശസ്ത ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് രാജാരവിവർമ്മ പുരസ്‌കാരം.

വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  സാംസ്‌ക്കാരിക കാര്യ വകുപ്പ് ഡയറക്ടർ മായ സ്വാഗതം ആശംസിക്കും.  കേരള ലളിതകലാഅക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും.  ചീഫ് സെക്രട്ടറി ഡോ. വി. വേണു  മുഖ്യാതിഥിയാകും. കലാചരിത്രകാരൻസാംസ്‌കാരിക വിമർശകൻക്യൂറേറ്റർഎഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജോണി എം.എൽ. മുഖ്യപ്രഭാഷണം നടത്തും. കേരള ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺവൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്സമം പദ്ധതി ചെയർപേഴ്‌സൺ സുജ സൂസൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സുരേന്ദ്രൻ നായർ മറുപടി പ്രഭാഷണവും അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ നന്ദിയും അറിയിക്കും.

 കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് സുരേന്ദ്രൻ നായർ. 1956-ൽ എറണാകുളം ജില്ലയിലെ ഓണക്കൂറിലാണ് സുരേന്ദ്രൻ നായരുടെ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് കലയിൽ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബുരുദാനന്തരബിരുദവും നേടി. കലാപഠനത്തിന്റെ തുടക്കകാലത്ത് പാശ്ചാത്യകലയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യകലകളും സമന്വയിച്ചിട്ടുണ്ട്. സുരേന്ദ്രൻ നായരുടെ തുടർന്നുള്ള കലയിൽ തിയേറ്റർ ഒരു പ്രധാന ഘടകമാണ്. അതാകട്ടെഅനുഷ്ഠാനങ്ങളുടെ സൂക്ഷ്മ വിശകലനവും സ്വയംപരിവർത്തനവും രൂപങ്ങളുടെയും വാക്കുകളുടെയും പരസ്പര പ്രവർത്തനവുമാകുന്നു. പുതു അർത്ഥം സൃഷ്ടിക്കുംവിധം വാക്കുകൾ ചിത്രത്തിന്റെ അനിവാര്യ ഘടകമാണ്. സുരേന്ദ്രൻ നായർ ചിത്രങ്ങളിൽ പാരമ്പര്യവും ആധുനികതയും സങ്കീർണ്ണമായി ഇഴചേർന്നിരിയ്ക്കുന്നു. നിഷ്‌കളങ്കമായ നർമ്മത്തിലൂടെയും പ്രത്യേക നോട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പലപ്പോഴും ബഹുമുഖ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്.

പി.എൻ.എക്സ്. 2850/2024

date