Skip to main content
പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം പുതിയ തൊഴിലവസരങ്ങളും*എ.ഐ സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം പുതിയ തൊഴിലവസരങ്ങളും*എ.ഐ സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

 

പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ-നിര്‍മ്മിത ബുദ്ധി) ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ്. കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ജെന്‍ എ ഐ രാജ്യാന്തര കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുകയാണ് ജെന്‍ എഐ കോണ്‍ക്ലേവ്. കേരളത്തിലും രാജ്യത്തും എഐ വ്യവസായങ്ങളിലെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി സമ്മേളനം മാറും.

പരമ്പരാഗത തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എഐ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ എഐ കൂടുതല്‍ സജീവമാക്കും. എഐ വൈദഗ്ധ്യത്തിലൂടെ തൊഴില്‍ വിപണിയില്‍ സംസ്ഥാനത്തിന്റെ  പ്രസക്തിയും മത്സരക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കണം. ഈ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എഐയെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും എഐ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് 80,000 അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തത്. സര്‍വ്വകലാശാലാ സിലബസുകളും പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളം നല്‍കുന്ന അവസരങ്ങള്‍ ആരായാന്‍ എഐ മേഖലയിലെ കമ്പനികളെയും നിക്ഷേപകരെയും മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.

date