Skip to main content

ആദിവാസികൾക്കുള്ള പട്ടയം തടഞ്ഞിട്ടില്ല: കോടതി നിർദേശപ്രകാരം മാത്രമേ മുന്നോട്ട് പോകാനാകൂ: ജില്ലാ കളക്ടർ

ആദിവാസികൾക്കുള്ള പട്ടയം തടഞ്ഞിട്ടില്ലായെന്നും ഹൈക്കോടതി  ഉത്തരവിന്  വിധേയമായി മാത്രമേ ജില്ലയിൽ  1964 ചട്ടങ്ങള്‍ പ്രകാരമുള്ള കൈവശഭൂമികളുടെ പട്ടയം വിതരണം നടത്താൻ  സാധിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പാസ്സാക്കിയ ആയിരത്തോളം ആദിവാസി പട്ടയങ്ങള്‍ മൂന്നുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്നതായും പട്ടയം അനുവദിക്കുന്നില്ലായെന്നുമുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്.  

കേരള ഹൈക്കോടതിയുടെ  WP(c) 1801/2010നമ്പര്‍ കേസിലെ 10.01.2024 ലെ   വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍  ജില്ലയില്‍ 1964 ലെ ഭൂമി പതിവ്  ചട്ടങ്ങള്‍ പ്രകാരമുള്ള കൈവശ ഭൂമിക്കുള്ള പട്ടയങ്ങളുടെ വിതരണം  താല്‍ക്കാലികമായി തടസ്സം നേരിട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്.പട്ടയ വിതരണവുമായി ബന്ധപ്പെട്ട  വിവരങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതിന്റെ  അടിസ്ഥാനത്തില്‍  ജില്ലാ ഭരണകൂടം വിശദവും വ്യക്തവുമായ  റിപ്പോര്‍ട്ട്  സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയുംതുടർന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുമുണ്ട്.

പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഉള്‍പ്പെടെയുള്ള കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായി  സ.ഉ (സാധാ) 2020/20 നമ്പര്‍ പ്രകാരം സർക്കാർ  ഉത്തരവ്ന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വനംവകുപ്പ് ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാർ  നിര്‍ദ്ദേശിച്ച പ്രകാരം പതിവ്  നടപടികളിലെ സാങ്കേതിക തടസ്സം പരിഹരിക്കുന്നതിന് സ്ഥല പരിശോധന  ഉള്‍പ്പെടെ  നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം  സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

 കരിമണ്ണൂര്‍ ഭൂമി പതിവ്  ഓഫീസില്‍ നിന്നും 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം കൈവശഭൂമിക്കുള്ള 1105 പട്ടയങ്ങളിലെ പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ  2024 ഫെബ്രുവരിയിലെ  പട്ടയമേളയിലേക്ക്  500 പട്ടയങ്ങള്‍ കൂടി അധികമായി വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുമാണ്. കൂടാതെ ഇടുക്കി ഭൂമി ഓഫീസില്‍ നിന്ന് പട്ടികവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള 229 പട്ടയങ്ങളിലെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.  പട്ടയമേളയില്‍  വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഉള്‍പ്പെടെയുള്ള കൈവശഭൂമിക്കുള്ള  1834 പട്ടയങ്ങളിലെ  നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നതാണ് . എന്നാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള കൈവശ ഭൂമിക്കുള്ള പട്ടയം നടപടികള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍  തുടര്‍ ഉത്തരവിന് വിധേയമായി മാത്രമേ  പട്ടയങ്ങള്‍ വിതരണം  പുനരാരംഭിക്കുന്നതിന് സാധിക്കുകയൂള്ളൂ.

നിലവില്‍ ഇടുക്കി, കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിന് കീഴിലുള്ള മേഖലകളില്‍ സര്‍വ്വേ നടപടികളും മഹസ്സര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളും തുടര്‍ന്ന് വരികയാണ്. കൂടാതെ പീരുമേട് താലൂക്കിലെ കൊക്കയാര്‍ , മ്ലാപ്പാറ എന്നീ വില്ലേജുകളിലെ പട്ടിക വര്‍ഗ്ഗ മേഖലകളില്‍ ഉള്‍പ്പെടെ സ.ഉ (സാധാ) 2020/20 നമ്പര്‍ സര്‍ക്കാര്‍   ഉത്തരവ് നടപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.  സര്‍ക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പട്ടയമേളയില്‍ സ.ഉ (സാധാ) 2020/20 നമ്പര്‍ സര്‍ക്കാര്‍   ഉത്തരവ്  പ്രകാരം  2000 പട്ടയങ്ങള്‍ കൂടി തയ്യാറാക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍  നടന്നുവരുന്നു.  ആടുവിളുന്താന്‍ ,കോമാളി, ചൊക്രമുടി, അരുവിളാംചാല്‍ ,ചെമ്പകത്തൊഴു, പച്ചപുല്‍ , ടാങ്ക്  എന്നീ പട്ടിക വര്‍ഗ്ഗ ഉന്നതികളിലെ അഞ്ഞൂറിൽപ്പരം  കൈവശക്കാര്‍ക്ക്  നാലാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നു.  ഈ വസ്തുതകൾ മനസിലാക്കാതെ പട്ടിക വര്‍ഗ്ഗ മേഖലകളില്‍ വിതരണം ചെയ്യുന്നതിനുള്ള പട്ടയങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയാണ് എന്നുള്ള ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും കലക്ടർ പറഞ്ഞു.

 

date