Skip to main content

ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും ഭവനപുനരുദ്ധാരണത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിലൂടെ ധനസഹായം നൽകുന്നു. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട യോഗ്യരായവർക്ക് അപേക്ഷിക്കാം.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര ഫ്‌ളോറിങ്, പ്ലംബിങ്, സാനിട്ടേഷൻ, വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് തിരിച്ചടയ്‌ക്കേണ്ടാത്ത 50,000 രൂപയാണ് ധനസഹായം.
അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകയോ, അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനു മുമ്പ് 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രത്യേക അപേക്ഷാഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ തപാൽ വഴിയോ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2562201.

 

date