Skip to main content

*വന്യജീവി ആക്രമണം* *പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും*                                          - മന്ത്രി എ.കെ.ശശീന്ദ്രന്‍

 

 

വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കല്ലൂര്‍ മാറോട് രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ വന്യജീവി ശല്യം പ്രദേശവാസികളും കുടുംബാംഗങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ അങ്ങേയറ്റം ദുഖമുളളതായും വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വനംവകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന രാജുവിന്റെ സഹോദര പുത്രന്‍ ബിജുവിന്റെ കാര്യവും പരിഗണിക്കും. ബിജുവിന് തുടര്‍ ചികിത്സയടക്കം വേണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടണമെന്നുമായിരുന്നു മറ്റാവശ്യം. വനം വകുപ്പ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കാനും ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

 

date