Skip to main content

അരുവിക്കരമണ്ഡലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

**'തിളക്കം' 2024 മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

അരുവിക്കരമണ്ഡലത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ആര്യനാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന 'തിളക്കം 2024' ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

കേരളത്തിൽ വികസനം എല്ലാ മേഖലകളിലേക്കും എത്തിക്കാനായെന്നും, മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നുള്ളത് ഇതിന്റെ തെളിവാണെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നാടിന്റെ വികസനത്തെ സഹായിക്കുന്ന പുതിയ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ ഇക്കാലത്തെ വിദ്യാർത്ഥികൾക്ക് കഴിയും.  ഇത്തരം ആശയങ്ങൾക്ക് പൂർണ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു. മലയോരമേഖലയുടെ വികസനത്തിന് എല്ലാവിധ സഹകരണവും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മികവിന്റെ കേന്ദ്രങ്ങളായി മാറിയ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് എം.എൽ.എയുടെ പുരസ്‌കാരം നൽകിയത്. 600 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ഒൻപത് സ്‌കൂളുകളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ആര്യനാട് വി.എച്ച്.എസ്.ഇയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നേര് പദ്ധതി പ്രകാരം നിർമിച്ച ഗാന്ധി പ്രതിമ മന്ത്രി കെ.എൻ ബാലഗോപാൽ അനാവരണം ചെയ്തു.

വാട്ടർ അതോറിറ്റി ജോയിന്റ് എം.ഡിയും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ഫ്രാൻസിസ്, പങ്കജ കസ്തൂരി എം.ഡി പത്മശ്രീ ഡോ. ജെ.ഹരീന്ദ്രൻ നായർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജു മോഹൻ, ജില്ലാ പഞ്ചായത്തംഗം എ.മിനി, വാർഡ് അംഗം ശ്രീജ.എസ്, മറ്റ് ജനപ്രതിനിധികൾ, സ്‌കൂൾ പ്രിൻസിപ്പാൾ സൂസി രാജ് എ.ആർ, വി.എച്ച്.എസ്.സി  വിഭാഗം പ്രിൻസിപ്പാൾ ഫിലോമിന കുര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date