Skip to main content

*ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് സംഘടിപ്പിച്ചു *

മലപ്പുറം ജില്ലയില്‍ ഒരു കോടി രൂപയുടെ മുകളില്‍ മുതല്‍മുടക്കുള്ള പുതിയ സംരംഭകരുടെ പദ്ധതികള്‍ സംബന്ധിച്ച് മലപ്പുറം ജില്ലാ  വ്യവസായ കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് സംഘടിപ്പിച്ചു. അസി . കളക്ടര്‍ വി  എം ആര്യ   ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  ആര്‍. ദിനേശ്.ആര്‍ വിഷയാവതരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജറായ അബ്ദുള്‍  ലത്തീഫ്,ഉപജില്ല വ്യവസായ ഓഫീസര്‍ ശ്രീരാജ്,വിവിധ താലുക്കുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
    ഒരു കോടിക്ക് മുകളില്‍ മുതല്‍ മുടക്കുന്ന സംരംഭകരേ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയും ആയതുവഴി ലഭിച്ച പ്രശ്നങ്ങൾ പ്രസ്തുത പരിപാടിയില്‍ ചര്‍ച്ച ചെയ്യുകയും, ബന്ധപ്പെട്ട വകുപ്പുകള്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.  
സുസ്ഥിര വ്യവസായ വികസനം സാധ്യമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ വരേണ്ടതുണ്ടെന്നും, ചെറുകിട സംരംഭങ്ങളുടെ സേവനം കൂടി പ്രയോജനപ്പെടുത്തി വലിയ നിക്ഷേപമുള്ള സംരംഭങ്ങള്‍  കൂടുതല്‍ ഉത്പാദനക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിനു കഴിയുമെന്നും അസി . കളക്ടര്‍ പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍  ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നടപടികള്‍ ശ്ലാഘനീയമാണന്നും ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ പിൻതുണ നല്കുന്നതിനായി അതീവ ശ്രദ്ധ പുലര്‍ത്തുന്നതായും  അസി . കളക്ടര്‍ അറിയിച്ചു.
    റവന്യൂ , പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, തദ്ദേശ വകുപ്പ്, ഭൂജല വകുപ്പ്, കെ.എസ്ഇ.ബി , മൈനിങ് ആന്റ് ജിയോളജി, ടൌൺ  പ്ലാനിങ് , ഫാക്ടറീസ്  ആന്റ്  ബോയ്‌ലേഴ്‌സ്. ഫയർ ആൻഡ് റെസ്ക്യൂ  , കിന്‍ഫ്ര, ഇന്‍കെല്‍ തുടങ്ങിയ  വിവിധ   വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാരും ജില്ലയില്‍ ഒരു കോടിക്ക് മുകളില്‍ മുതല്‍മുടക്കുന്ന നാല്‍ല്പത്തിയേഴ്  സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു. 400 കോടിയുടെ നിക്ഷേപത്തിനും 5000 ഓളം പേര്‍ക്കുള്ള തൊഴിലവസരങ്ങളും സൃഷ്ട്ടിക്കാന്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കഴിയും. ജുലൈ 29 ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുടെനേതൃത്വത്തില്‍ എറണാകുളത്തു നടക്കുന്ന കോണ്‍ക്ലേവിനോടനുബന്ധിച്ചാണു ജില്ലയില്‍ ഈ പരിപാടി സംഘടിപ്പിച്ചത്.

date