Skip to main content

വാർഷികപദ്ധതി പരിഷ്‌കരണം: യോഗം ചേർന്നു

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തെരുവുനായ ശല്യനിയന്ത്രണത്തിനുള്ള എ.ബി.സി പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമാർജനത്തിനുളള പദ്ധതികൾ, ഹാപ്പിനസ് പാർക്കുകൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവ വാർഷിക ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് അധ്യക്ഷ നിർദേശിച്ചു. ജനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ സ്ഥാപനങ്ങൾ  ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർദേശിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ പി.ആർ അനുപമ, ജെസി ഷാജൻ, ഹേമലതാ പ്രേം സാഗർ, ശുഭേഷ് സുധാകരൻ,ഇ.എസ്. ബിജു, കെ.സി ബിജു, അജയൻ കെ മേനോൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി ലിറ്റി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.  
 

date