Skip to main content

'കളക്ടേഴ്‌സ് സൂപ്പർ 100' രണ്ടാം പതിപ്പിന് തുടക്കമായി

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും STEM (സയൻസ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്സ്) വിദ്യാഭ്യാസത്തിലും തൊഴിലിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനൽ സന്നദ്ധ സംഘടനയും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. പാളയം മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി കളക്ടേഴ്‌സ് സൂപ്പർ 100  രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി / പട്ടിക വർഗ വിഭാഗങ്ങളിലെ ഒൻപതാം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും പെൺകുട്ടികളാണ് കളക്ടേഴ്സ് സൂപ്പർ 100ൽ ഉൾപ്പെടുന്നത്.

സാങ്കേതിക വിദ്യയ്ക്ക് ഇന്നത്തെ കാലത്ത് വളരെയധികം പ്രധാന്യമുണ്ടെന്നും കരിയർ രൂപപ്പെടുത്തുന്നതിന് കളക്ടേഴ്‌സ് സൂപ്പർ 100 ലെ പെൺകുട്ടികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പിന്നാക്ക ക്ഷേമ വികസന വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് മുഖ്യ സന്ദേശം നൽകി. കളക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയ്ക്ക് തുടക്കമിട്ടത് മുൻ ജില്ലാ കളക്ടർ കൂടിയായ ജെറോമിക് ജോർജ് ആണ്.

വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിലുൾപ്പെടുത്തിയാണ് കളക്ടേഴ്‌സ് സൂപ്പർ 100 പ്രവർത്തിക്കുന്നത്. ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ നിന്നായി 48 പേരാണ് രണ്ടാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നിന്നുള്ള 52 വിദ്യാർത്ഥിനികളുമുണ്ട്. ഈ വർഷം കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയുടെ ധനസഹായവും കളക്ടേഴ്‌സ് സൂപ്പർ 100 ന് ലഭിക്കും.

ശാസ്ത്ര, ഗണിത വിഷയങ്ങളിൽ ക്ലാസുകൾ, ഫീൽഡ് വിസിറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് കനൽ സംഘടനയുടെ നേതൃത്വത്തിൽ കളക്ടേഴ്‌സ് സൂപ്പർ 100 ലെ വിദ്യാർത്ഥികൾക്കായി നൽകുന്നത്.

 ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഏഴ് വിദ്യാർത്ഥിനികൾക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് പിന്നാക്ക ക്ഷേമ വികസന വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജും അസിസ്റ്റന്റ് കളക്ടർ സാക്ഷിമോഹനും വിതരണം ചെയ്തു.

ജില്ലാ വനിതാ ശിശുവികസന ഓഫീസർ കവിത റാണി രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി, കനൽ എൻ.ജി.ഒ ഡയറക്ടർ ആൻസൺ പി.ഡി അലക്‌സാണ്ടർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date