Skip to main content

 *കുടുംബശ്രീ ഹോം ഷോപ്പ്: ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു* 

 

 

കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (കെ ലിഫ്റ്റ്) പദ്ധതിയുടെ ഹോം ഷോപ്പ് സംവിധാനം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി ജില്ലാതല കുടുംബശ്രീ ഹോം ഷോപ്പ് ഓറിയന്റേഷന്‍ ക്ലാസ്സ് മീനങ്ങാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി സൃഷ്ടിക്കുകയും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വീടുകളിലെത്തിച്ച് വില്‍ക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. ജില്ലയില്‍ ഘട്ടം ഘട്ടമായി കുറഞ്ഞത് 2000 പേര്‍ക്കെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും വരുമാനം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ ഓരോ വാര്‍ഡിലും രണ്ട് വീതം ഹോം ഷോപ്പര്‍മാരെ (ഹോം ഷോപ്പ് ഓണര്‍മാര്‍) തിരഞ്ഞെടുത്ത് നിയമിക്കും. ഇതുവഴി ഗ്രാമീണ വിപണിയിലെ ശക്തമായ സാന്നിധ്യമായി ഹോം ഷോപ്പ് മാറും. യൂണിഫോം, ഐഡി കാര്‍ഡ് മുതലായവ ലഭ്യമാക്കി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഹോം ഷോപ്പര്‍മാര്‍ എത്തുന്നത്. മാത്രമല്ല ഹോം ഷോപ്പറുടെ താമസ പ്രദേശം കേന്ദ്രീകരിച്ച് വിപണി കണ്ടെത്തുന്നതിനാല്‍ സമയക്രമീകരണം നടത്തി കൂടുതല്‍ വരുമാനം കണ്ടെത്താനാകുമെന്നതും പദ്ധതിയുടെ മേന്മയാണ്. സിഡിഎസ് തലത്തില്‍ ഹോം ഷോപ്പര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കി ഓഗസ്റ്റില്‍ പ്രാഥമിക ഉദ്ഘാടനവും ഡിസംബറില്‍ പദ്ധതി പൂര്‍ണ്ണമാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ മിഷന്‍. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസില്‍ നിന്നും അഭിമുഖാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളായ ഹോം ഷോപ്പ് ഓണര്‍മാര്‍ക്കാണ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലാ മിഷന്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചത്. വിദ്യാമോള്‍ എം. എസ്, ഷീല വേലായുധന്‍, ബിനി പ്രഭാകരന്‍, ഹംജിത് എന്‍.വി, ഉദൈഫ് പി, ശ്രുതി രാജന്‍, അനിത ടി.ജി, ശിവ പ്രദീപ് എ.കെ, മഹിജ എം.എസ് എന്നിവര്‍ സംസാരിച്ചു.

date