Skip to main content

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് സർവ്വകക്ഷിയോഗത്തിന്റെ പൂർണപിന്തുണ

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് സർവ്വകക്ഷിയോഗം പൂർണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചത്.

മാലിന്യ സംസ്‌കരണ പ്രവത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ ഏതൊക്കെയെന്ന്  സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും. 2025 മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി അയൽക്കൂട്ടങ്ങൾ,  ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഹരിതമായി മാറണം.

മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ് വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ പ്ലാൻറുകൾ സ്ഥാപിക്കണം. ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയിൽ ലാൻറ് ഫില്ലുകൾ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.

പാഴ് വസ്തു ശേഖരണം, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ, ശേഖരിച്ചവ സംഭരിക്കൽ, പാഴ് വസ്തുക്കൾ നീക്കം ചെയ്യൽ, സാനിറ്ററി മാലിന്യ സംസ്‌കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്‌കരണം, ലെഗസി മാലിന്യം നീക്കം ചെയ്യൽ, ഗാർബേജ് വൾനറബിൾ പോയിന്റുകൾ നീക്കം ചെയ്യൽ, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്‌കരണം, എൻഫോഴ്‌സ്‌മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ വിടവുകൾ  ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

സമ്പൂർണ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയ ടൗണുകൾ, റസിഡൻഷ്യൽ ഏര്യകൾ, പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കണ്ടെത്തുന്ന വിടവുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും.

ജനകീയ വിജിലൻസ് സ്‌ക്വാഡുകൾ, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികൾ, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകൾ സ്ഥാപിക്കും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കും. ഇത്തരം പരിശോധനകൾ സംബന്ധിച്ച് മാർഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവർത്തിക്കുന്ന ചെക്‌പോസ്റ്റുകളെ ഹരിത ചെക്‌പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികൾ കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും.

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം സംഘടിപ്പിക്കും.

മത - സാമുദായിക - രാഷ്ട്രീയ - യുവജന - വിദ്യർഥി - മഹിള - സാംസ്‌കാരിക സംഘടനകളുടേതുൾപ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂർണമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാർഷിക വികസന കർഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ ഉപാദ്ധ്യക്ഷൻമാരും ചീഫ് സെക്രട്ടറി കൺവീനറുമായ ഉന്നതതല നിർവഹണ സമിതി രൂപികരിക്കും. ഈ സമിതിയിൽ മന്ത്രിമാർ, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികൾ, ഉദ്യേഗസ്ഥ നേതൃത്വം, റസിഡൻസ് അസോസിയേഷൻ, യുവജന, വിദ്യാർഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

ജില്ലാ, ബ്ലോക്ക്, കോർപ്പറേഷൻ/മുൻസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തല, വാർഡ്/ഡിവിഷൻതല നിർവഹണ സമിതികൾ രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാർട്ടി, യുവജന, വിദ്യാർത്ഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികൾ ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാർഡ്തല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.

എല്ലാവരും ഒന്നിച്ചുനിന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാർട്ടികളും വർഗ ബഹുജന പോഷക സംഘടനകളും ക്യാമ്പയിൻ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി  അഭ്യർത്ഥിച്ചു.

മാലിന്യ നിർമ്മാർജനത്തിന് തടസ്സമാകുന്ന നിരോധിത വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ കർശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര് ആർജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സർക്കാർ പ്രവർത്തനങ്ങൾക്ക് ക്രിയാത്മക പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിർത്താനാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ അച്യുത്ശങ്കർ എസ്. നായർ (കോൺഗ്രസ് - ഐ), ഇ ചന്ദ്രശേഖരൻ എംഎൽഎ (സിപിഐ), അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ (ഐയുഎംഎൽ), കെ അനന്ദകുമാർ ( കേരള കോൺഗ്രസ് - എം), പിജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ - സെക്കുലർ), പി എം സുരേഷ് ബാബു (എൻ സി പി), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് - ബി), അഡ്വ. ഷാജി എസ് പണിക്കർ (ആർഎസ്പി - ലെനിനിസ്റ്റ്), കെ ആർ ഗിരിജൻ (കേരള കോൺഗ്രസ് - ജേക്കബ്), സി കൃഷ്ണകുമാർ (ബിജെപി), ഡോ വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), ബാബു ദിവാകരൻ (ആർഎസ്പി), കാസിം ഇരിക്കൂർ (ഐഎൻഎൽ), പി സി ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും സംസാരിച്ചു.

പി.എൻ.എക്‌സ്. 3197/2024

date