Skip to main content

മാലിന്യമുക്തം നവകേരളം ബ്ലോക്ക്, നഗരസഭാ തല ശിൽപശാലകൾ ഇന്നുമുതൽ

 

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ 2024-2025 വർഷത്തെ പ്രവർത്തന പരിപാടികൾ തയാറാക്കുന്നതിനായി നഗരസഭാ തലത്തിലും ഗ്രാമപഞ്ചായത്തുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്‌ളോക്ക് തലത്തിലും ബുധനാഴ്ച (ജൂലൈ 24) മുതൽ ശിൽപശാലകൾ ആരംഭിക്കും. ജൂലൈ 31 വരെ പതിനേഴിടങ്ങളിലാണ് ശിൽപശാലകൾ നടക്കുക.

ബുധനാഴ്ച പള്ളം ബ്‌ളോക്ക് പഞ്ചായത്തിലും വൈക്കം,ചങ്ങനാശേരി,ഈരാറ്റുപേട്ട നഗരസഭകളിലും ശിൽപശാല നടക്കും. ജൂലൈ 25ന് കടുത്തുരുത്തി ബ്‌ളോക്ക്, ജൂലൈ 26ന് ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പാമ്പാടി, ബ്‌ളോക്ക്, ഏറ്റുമാനൂർ, പാലാ നഗരസഭകൾ, ജൂലൈ 27ന് ളാലം ബ്‌ളോക്ക് ജൂലൈ 29ന് മാടപ്പള്ളി, ഉഴവൂർ ബ്‌ളോക്ക് ജൂലൈ 30ന് വൈക്കം, വാഴൂർ, ബ്‌ളോക്ക്, കോട്ടയം നഗരസഭ, ജൂലൈ 31ന് കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് എന്നിവിടങ്ങളിൽ ശിൽപശാല നടക്കും.

തദ്ദേശ സ്വയം ഭരണവകുപ്പിലെ ഉദ്യോഗസ്ഥരും റിസോഴ്‌സ്‌പേഴ്‌സൺമാരുമാണ് ശിൽപശാലയിൽ പങ്കെടുക്കുക. 2023-24 വർഷ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ വിവിധ ഘടകങ്ങൾ പരിശോധിച്ച തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ അയ്മനവും നഗരസഭകളിൽ ചങ്ങനാശേരിയുമാണ് മുന്നിൽ. പിന്നാക്കം പോയ ഘടകങ്ങൾ ശിൽപശാലകളിൽ പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കി ഈ വർഷം നടപ്പാക്കുകയാണ് ലക്ഷ്യം. ബ്ലോക്കുതല ശിൽപശാലകൾക്കുശേഷം ഗ്രാമപഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും വിപുലമായ യോഗം ചേരും. യുവാക്കളേയും കുട്ടികളേയു പങ്കെടുപ്പിച്ച വിപുലമായ ക്യാമ്പയിൻ ഈ വർഷം ലക്ഷ്യമിട്ടിട്ടുണ്ട്. കുടുംബശ്രീ വഴിയുള്ള ക്യാമ്പയിനും നടക്കും. അജൈവ പാഴ് വസ്തുക്കൾ നൂറുശതമാനം ഹരിത കർമസേന വഴി ശേഖരിക്കുക, പ്രവർത്തനം പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുക, പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കുക, പൂക്കളും മറ്റും നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

date