ഹഡില്‍സ് ട്രാക്കില്‍ മിന്നും പ്രകടനം
സംസ്ഥാനസ്കൂള്‍ കായികമേളയുടെ അഞ്ചാംദിനമായ ശനിയാഴ്ച ഹഡില്‍സ് ട്രാക്കില്‍ മീറ്റ് റെക്കോഡ് ഉള്‍പ്പെടെ മിന്നും പ്രകടനങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ ആറുവര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ കാത്തലിക്സ് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി വിജയ് കൃഷ്ണയാണ് ശ്രദ്ധേയ നേട്ടത്തിനുടമയായത്. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജിയാണ് സ്വര്‍ണം നേടിയത്. 14. 21 സെക്കന്‍ഡിലാണ് ആദിത്യ മറ്റുള്ളവരെ പിന്നിലാക്കിയത്. കഴിഞ്ഞവര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായിരുന്ന ആദിത്യ കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ 100 മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. കോട്ടയം എരുമേലി കൊച്ചുതോട്ടത്തില്‍ അജിമോന്റെയും സൗമ്യയുടെയും മകളാണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസിലെ അഭയ് ശിവേദ് എസ് സ്വര്‍ണം നേടി. പെരുവമ്പ് തിരുത്തി വീട്ടില്‍ വി. ശിവന്റെയും കെ. വേണിയുടെയും മകനാണ്. പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ്ബിലെ അര്ജുന് ഹരിദാസാണ് പരിശീലകന്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിലെ എസ്. വിഷ്ണുശ്രീ 14.93 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കഴിഞ്ഞ ദേശീയ മീറ്റില്‍ 100 മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണവും 400 മീറ്റര്‍ ഹഡില്‍സില്‍ വെങ്കലവും നേടിയിരുന്നു. ഞായറാഴ്ച 400 മീറ്റര്‍ ഹഡില്‍സില്‍ മത്സരിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ കുന്നത്താഴം നടക്കാവില്‍ വീട്ടില്‍ സെല്‍വരാജിന്റെയും പ്രമീളയുടെയും മകളാണ്. ഒളിമ്പിക് അത്ലറ്റിക് ക്ലബ്ബിലെ അര്ജുന് ഹരിദാസാണ് പരിശീലകന്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡില്‍സില്‍ മലപ്പുറം തിരുനാവായ നാവാമുകുന്ദ സകൂളിലെ സെയ്വല് ബാദുഷയ്ക്കാണ് സ്വര്‍ണം. 12.26 സെക്കന്‍ഡിലായിരുന്നു വിജയം. തിരൂര്‍ കൂട്ടായി മൂന്നാംകുറ്റിയില്‍ സക്കീറിന്റെയും സിമിയയുടെയും മകനാണ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാട് മുണ്ടൂര്‍ ജി.എച്ച്.എസ്.എസിലെ എം. റെയ്ഹാന ഒന്നാമതെത്തി. 13.07 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്. മുണ്ടൂര്‍ പഞ്ഞമല വീട്ടില്‍ മുസ്തഫയുടെയും റാബിയയുടെയും മകളാണ്. മുണ്ടൂര്‍ സ്കൂളിലെ കായികാധ്യാപകന് സിജിന്റെ കീഴിലാണ് പരിശീലനം.
- Log in to post comments