Skip to main content

സംരഭകത്വ സഹായ പദ്ധതി: ജില്ലയിൽ ഈ സാമ്പത്തിക വർഷം അനുവദിച്ചത് 18.28 കോടി

 

സംരംഭകത്വ സഹായ പദ്ധതി വഴി  സംരംഭകർക്ക് ഈ സാമ്പത്തിക വർഷം നാല് ജില്ലാതല കമ്മിറ്റികൾ അനുവദിച്ചത് 18 കോടി 28 ലക്ഷം രൂപയുടെ ധനസഹായം. 129 അപേക്ഷകളാണ് ഇതു വരെ പരിഗണിച്ചത്. 

ഈ സാമ്പത്തിക വർഷത്തെ നാലാമത്തെ കമ്മിറ്റി ജില്ലാ വികസന കമ്മീഷണർ അശ്വതി ശ്രീനിവാസിൻ്റെ  അധ്യക്ഷതയിൽ ചേർന്നു. ഈ യോഗത്തിൽ 30 അപേക്ഷകളിൽ 4 കോടി 08 ലക്ഷം രൂപയാണ് അനുവദിച്ചത്. അപേക്ഷകൾ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തിൽ തീർപ്പാക്കുന്നതിനും, അനുവദിക്കപ്പെട്ട തുക എത്രയും വേഗം വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുവാൻ കമ്മീഷണർ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. 

പദ്ധതി വഴി സഹായം ലഭിക്കാൻ സംരംഭം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഇ.എസ്.എസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. സ്ഥിരം മൂലധന നിക്ഷേപമാണ് പ്രധാന മാനദണ്ഡം. പരമാവധി 40 ലക്ഷം രൂപ വരെ പദ്ധതി വഴി സഹായം നൽകും. സഹായം ലഭിച്ച സംരംഭകർ എല്ലാ വർഷവും ജില്ലാ വ്യവസായ കേന്ദ്രത്തിന് പ്രവർത്തന റിപ്പോർട്ട് നൽകണം.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കെ എസ് ഐ ഡി സി, എൽ ഡി എം ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date