Skip to main content

കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷനുകൾ ഹരിത സ്റ്റേഷനുകളായി മാറുന്നു

**ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രലും കാട്ടാക്കടയും

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ രണ്ടു പ്രധാന കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾ ഹരിതസ്റ്റേഷനുകളായി മാറുന്നു. തിരുവനന്തപുരം സെൻട്രലും കാട്ടാക്കടയുമാണ് ഹരിത സ്റ്റേഷനുകൾ ആകുന്നത്.

ഇതോടൊപ്പം ജില്ലയിലെ മറ്റ് 18 ചെറിയ സ്റ്റേഷനുകളും ഹരിത സ്റ്റേഷൻ ആകുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ആര്യനാട്, വെള്ളനാട്, ആറ്റിങ്ങൽ, കണിയാപുരം, കിളിമാനൂർ, വെഞ്ഞാറമൂട്,നെടുമങ്ങാട്, പാലോട്, വിതുര, നെയ്യാറ്റിൻകര, വെള്ളറട, പാപ്പനംകോട്, പാറശാല, പേരൂർക്കട, തിരുവനന്തപുരം സിറ്റി, വികാസ്ഭവൻ, പൂവാർ, വിഴിഞ്ഞം, എന്നിവയാണ് ഹരിത ബസ് സ്റ്റേഷനുകൾ ആകാൻ ഒരുങ്ങുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളിലെ ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലാന്റുകൾ സ്ഥാപിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യും. ഗ്യാരേജുകളിൽ ഓയിൽ വേസ്റ്റിനുള്ള ഇടിപി പ്ലാന്റുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ, വ്യാപാര സ്ഥാപനങ്ങളിൽ ബിന്നുകൾ, മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേക ഇടങ്ങൾ എന്നിവ സജ്ജമാക്കും. ശേഖരിക്കുന്ന മാലിന്യം കൃത്യമായി ഹരിതകർമ്മ സേനയ്ക്ക് കൈമാറും. അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.  ഇതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനതലത്തിൽ ശുചീകരണ ക്യാമ്പയിനുകൾ  നടത്തും.

date