2018ലെ ജില്ലാ പദ്ധതി പരിഷ്ക്കരിക്കുന്നു
2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതി പരിഷ്കരിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള നടപടികൾ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇതിന്റെ പ്രഥമ കൂടിയാലോചനാ യോഗം ഡിപിസി ചെയർപേഴ്സൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പദ്ധതി പരിഷ്ക്കരിക്കുന്നതിനുള്ള വിവിധ ഉപസമിതികളുടെ ചെയർപേഴ്സൻമാർ, കൺവീനർമാർ, ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 243 ഇസെഡ് ഡി പ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച ജില്ലാ ആസൂത്രണ സമിതികളുടെ മുഖ്യചുമതലകളിൽ ഒന്ന് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതും ജില്ലയ്ക്ക് മൊത്തത്തിൽ ബാധകവുമായ ജില്ലാ പദ്ധതി തയ്യാറാക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്ന ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരേയും വിഷയമേഖല വിദഗ്ധരേയും ഉൾപ്പെടുത്തി വിഷയ മേഖലാടിസ്ഥാനത്തിലുള്ള 26 ഉപസമിതികളും രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ ചെയർപേഴ്സൺ ആയ ഉപസമതികളുടെ കൺവീനർ ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനായിരിക്കും. ബന്ധപ്പെട്ട വിഷയ മേഖലയിലെ ഒരു വിദഗ്ധൻ വൈസ് ചെയർമാനും അനുബന്ധ വകുപ്പിലെ ജില്ലാ ഓഫീസർ ജോയിന്റ് കൺവീനറുമായിരിക്കും.
പരിഷ്കരണം പൂർത്തിയാകുന്നതോടെ ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതും വിവിധ വികസന മേഖലകളിൽ ഇടപെടുന്ന വിവിധ സർക്കാർ വകുപ്പുകൾ, പ്രാദേശിക സർക്കാരുകൾ, മറ്റ് ഏജൻസികൾ എന്നിവക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് സഹായിക്കുന്ന ഒരു രേഖയായി ജില്ലാ പദ്ധതി മാറും.
- Log in to post comments