Skip to main content

 എം ആര്‍ വാക്‌സിന്‍ നല്‍കാന്‍ 46000 കുട്ടികള്‍ കൂടി;   അതും സാധിക്കുമെന്ന് വിശ്വാസം: സബ്കളക്ടര്‍

     മീസില്‍സ് റൂബെല്ല ക്യാമ്പയിന്‍ അവസാനിക്കാന്‍ ഇനി മൂന്നു നാള്‍കൂടി. കുത്തി വെപ്പെടുക്കാന്‍ ശേഷിക്കുന്നത് 46172 കുട്ടികള്‍ മാത്രം. അവര്‍ക്ക് കൂടി ഈ മാരകരോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിന്റെ പരിരക്ഷ നല്‍കാന്‍ രക്ഷിതാക്കള്‍് മുന്നോട്ട് വരുമെന്ന് തന്നെ വിശ്വസിക്കുന്നതായി സബ്കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍.
    ജില്ലയില്‍ 583413 കുട്ടികള്‍ക്ക് ഇതിനോടകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. മീസില്‍സ് റൂബെല്ല രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് ക്യാമ്പയിനെതിരെ അടിസ്ഥാന രഹിതമായി ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ മനസ്സിലാക്കി  മുന്നോട്ട് വരണമെന്നും സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം സമൂഹത്തോടുള്ള കടമ പാലിക്കണമെന്നും അവര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
    ഡിസംബര്‍ ഒന്നു വരെ  ക്യാമ്പയിന്‍ നീട്ടിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകളും അംഗന്‍വാടികളും ആവശ്യപ്പെടുന്ന പക്ഷം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.  തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒഴികെയുള്ള എല്ലാ മേജര്‍ ആശുപത്രികളിലും വൈകിട്ട് നാലുവരെ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രീത പി പി അറിയിച്ചു. ബുധന്‍ ശനി ദിവസങ്ങളില്‍ മറ്റ് ആരോഗ്യസ്ഥാപനങ്ങളില്‍ കുത്തിവെപ്പിനുള്ള സൗകര്യമുണ്ട്. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇതുവരെ എം ആര്‍ വാക്‌സിന്‍ നല്‍കാത്ത എല്ലാ കുട്ടികള്‍ക്കും ഡിസംബര്‍ ഒന്നിനകം വാക്‌സിനേഷന്‍ നല്‍കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
(പി.ആര്‍.പി 1944/2017)
 

date