Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

സാഗര ആപ്പിന്റെ ജില്ലാതല ഉദ്ഘാടനം 

കൊച്ചി:  സാഗര ആപ്പിന്റെ ജില്ലാതല ഉദ്ഘാടനവും ഇതിന്റെ ഉപയോഗം സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച  ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനവും ഒക്‌ടോബര്‍15 രാവിലെ 10.30 ന് തോപ്പുംപടി ബീയംസ് ഹാളില്‍ കെ.ജെ. മാക്‌സി എം.എല്‍.എ നിര്‍വഹിച്ചു.                               2017 നവംബറിലെ ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടെയും അതിലെതൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായേത്താടെ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയതാണ് സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. 

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,(മേഖല) എസ്. മഹേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂനിയര്‍ സൂപ്രണ്ടസന്ദീപ് പി, മത്സ്യഫെഡ് മാനേജര്‍ ജോര്‍ജ് , മത്സ്യഫെഡ് ഭരണസമിതി അംഗം പി. പി. ദാളോ ഫ്രാന്‍സിസ്,  കോസ്റ്റല്‍ പോലീസ്, മറൈന്‍ പോലീസ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍,.പി.വി. രമേഷ് കുമാര്‍, സന്തോഷ് കുമാര്‍ വി., കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.ഹംസ,  ഗില്‍നെറ്റ് & ലോങ്ങ്‌ലൈന്‍ ബോട്ട് ബയിംഗ് ഏജന്റ് എം.മജീദ് , എം.എം. സുധീര്‍, മജീന്ദ്രന്‍, സേവ്യര്‍ ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എറണാകുളം ജില്ലയിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും യോഗത്തില്‍ പങ്കെടുത്തു.  ഇതിന്റെ                          തുടര്‍നടപടികളായി എല്ലാ ഹാര്‍ബര്‍ മുഖേനയും സാഗര ആപ്ലിക്കേഷനില്‍                   രജിസ്‌ട്രേഷനുള്ള ക്യാമ്പയിനുകള്‍ നടത്തും. 

 

 

എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍

ഡിസംബറോടെ പൂര്‍ത്തിയാക്കും

 

കൊച്ചി: എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ ഈ വര്‍ഷം ഡിസംബറോടെ തീര്‍ക്കാന്‍ ചാലക്കുടി എംപി ഇന്നസെന്റിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും നടപടിയെടുക്കണം. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അവലോകന യോഗങ്ങള്‍ നടത്തണമെന്ന് എംപി പറഞ്ഞു. കുടിവെള്ള പദ്ധതികള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി അന്‍പതോളം ഹൈമാസ്റ്റ് ലൈറ്റുകളാണ് ഡിസംബറോടെ സ്ഥാപിക്കുന്നത്. 

 

കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 27 ലക്ഷം രൂപയുടെ നെടുമ്പാറ കുടിവെള്ള പദ്ധതി, എടത്തല കുര്‍ലാട് പട്ടികജാതി കോളനി (38 ലക്ഷം), മഴുവന്നൂര്‍ പഞ്ചായത്തിലെ വളയന്‍ ചിറങ്ങര (40 ലക്ഷം), തിരുവാണിയൂര്‍ പഞ്ചായത്തിലെ പൊള്ളയില്‍താഴം (40 ലക്ഷം), പൂതൃക്ക പഞ്ചായത്തിലെ ചോയിക്കരമുകള്‍ പട്ടികജാതി കോളനി (23 ലക്ഷം), തൃശൂര്‍ ജില്ലയിലെ തോട്ടത്തില്‍ കടവ് ചെരളക്കുന്ന് (57 ലക്ഷം) എന്നിവയാണ് ഡിസംബറില്‍ പൂര്‍ത്തിയാക്കുന്ന കുടിവെള്ള പദ്ധതികള്‍. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ തുറവൂര്‍ പിഎച്ച്‌സി യുടെ ഒ.പി ബ്ലോക്ക് നിര്‍മ്മാണവും ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. തൃശൂര്‍ ജില്ലയിലെ മതിലകം പഞ്ചായത്തിലെ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 40 ലക്ഷം രൂപയുടെ പദ്ധതിയായ മദര്‍ ആന്റ് ചൈല്‍ഡ് വാര്‍ഡും ഈ വര്‍ഷം നടപ്പാക്കും. വിദ്യാഭ്യാസ രംഗത്തും നിരവധി പദ്ധതികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയില്‍ പത്തൊന്‍പതും തൃശൂര്‍ ജില്ലയില്‍ മുപ്പത്തിരണ്ടും സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരവധി സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകളും അനുവദിച്ചു.

 

26.54 കോടി രൂപയുടെ 276 പദ്ധതികളാണ് ഇന്നസെന്റ് എം.പിയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 156 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 14.03 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തിനായി 3.05 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുകയും 1.64 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിനായി 2 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുകയും 65 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആലുവ ജില്ലാ ആശുപത്രി, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്തനാര്‍ബുദ നിര്‍ണയ യൂണിറ്റും അതിനോടനുബന്ധിച്ചുള്ള മറ്റ് ഉപകരണങ്ങളുമടങ്ങിയ മാമോഗ്രാം യൂണിറ്റുകള്‍ നല്‍കി. ഇതിനായി ഓരോ ആശുപത്രികള്‍ക്കും 50 ലക്ഷം രൂപ വീതം അനുവദിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ക്ക് യഥാക്രമം 70 ലക്ഷം, 43 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുകളും നല്‍കി. ഏകദേശം 15 ലക്ഷം രൂപയോളം വരുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റുകള്‍ ആലുവ ജില്ലാ ആശുപത്രി, അങ്കമാലി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അനുവദിച്ചു. 

 

 

 

ചന്ദനത്തടി വില്‍പ്പന

കൊച്ചി: പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷനു കീഴിലുള്ള വീട്ടൂര്‍ തടി ഡിപ്പോയില്‍ ചന്ദനത്തിന്റെ ചില്ലറ വില്‍പന ആരംഭിച്ചിരിക്കുന്നു. ചന്ദനം ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ വീട്ടൂര്‍ ഡിപ്പോയില്‍ എത്തി നിശ്ചയിച്ചിട്ടുള്ള വില അടച്ച് ചന്ദനം വാങ്ങാവുന്നതാണ്. ക്ഷേത്രത്തിലെ ഉപയോഗത്തിനുളള ചന്ദനത്തടികളും വാങ്ങാവുന്നതാണ്.

വിശദവിവരങ്ങള്‍ക്കായി ഡിപ്പോ ഓഫീസര്‍, ഗവണ്‍മെന്റ് തടി ഡിപ്പോ, വീട്ടൂര്‍, നെല്ലാട് പി.ഒ, വീട്ടൂര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0484 2768640.

 

 

 

 

 

ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം  

സമയബന്ധിതമായി പൂര്‍ത്തിയാക്കും

 

 

കൊച്ചി: ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം  സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.  റവന്യൂ, സര്‍വ്വേ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഷന്‍, നികുതി എന്നീ വകുപ്പുകള്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഇതനുസരിച്ച് നവംബര്‍ ഒന്നിന് വിലനിര്‍ണയത്തിന് തുടക്കമാവും. സമയബന്ധിതമായി വിവരശേഖരണം പൂര്‍ത്തിയാക്കി സമഗ്രമായ പുനര്‍നിര്‍ണയമാണ് ലക്ഷ്യമിടുന്നത്. 

 

ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചാണ് ന്യായവില പുനര്‍നിര്‍ണയം ചെയ്യുന്നത്. കൂടാതെ ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയെയും ചുറ്റുപാടുകളെയും ന്യായവില നിര്‍ണയിക്കുന്നതില്‍ പരിഗണിക്കും. സമീപപ്രദേശങ്ങളിലെ ഭൂമിയുടെ വില്‍പ്പന വില അടക്കമുള്ളവ കാര്യങ്ങള്‍ പരിശോധിച്ചാണ് ന്യായവിലനിര്‍ണയിക്കുക. ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ഇവയെല്ലാം വില വര്‍ധിക്കുന്നതിന് കാരണമാവും.

 

ഭൂമിയെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് പുനര്‍ നിര്‍ണയം ചെയ്യുന്നത്. കൃഷിഭൂമി, കൃഷിയേതര ഭൂമി, തരിശുഭൂമി, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് സ്ഥലങ്ങള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതുമായ സ്ഥലങ്ങള്‍, വന പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത്.

 

വനഭൂമി, റോഡ്, ഇടവഴി, റെയില്‍പാത, കുളം, തോട്, കനാല്‍, പാലം, അണക്കെട്ട്, കലുങ്ക്, പുഴ, നദി, കായല്‍ എന്നിവ ഒഴികെയുള്ളവയുടെ വിലയാണ് നിര്‍ണയിക്കുന്നത്. എന്നാല്‍ കുളം, തോട്, കനാല്‍ മുതലായവ സ്വകാര്യ ഭൂമി ആണെങ്കില്‍ അതിന് ന്യായവില നിര്‍ണയിക്കും.

 

2010 ല്‍ പ്രസിദ്ധപ്പെടുത്തിയ നായവിലയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിലെ അപാകതകള്‍ പരിഹരിച്ച് സമഗ്രമായ ന്യായവില നിര്‍ണയിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) നീരിക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാവും  ന്യായവില പുനര്‍നിര്‍ണയിക്കുന്നത്. നിലവിലെ അപാകതകള്‍ പരിഹരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുക, പൊതു അതിര്‍ത്തി പങ്കിടുന്ന ഭൂമിക്ക് ഒരേ ന്യായ വില നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. 

 

വില്ലേജ് ഓഫീസര്‍ കണ്‍വീനറായുള്ള വില്ലേജ്തല കമ്മിറ്റി, താലൂക്ക് തല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിങ്ങനെ മൂന്ന് തലത്തിലാണ് ന്യായവില പുനര്‍നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിക്കുക. 

 

കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ വെച്ച് നടത്തിയ പരിശീലന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.മധു, ഡെപ്യൂട്ടി കളക്ടര്‍  ഷീല ദേവി, എല്‍.ആര്‍  ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍, എഡിഎം എം കെ കബീര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സീനിയര്‍ സൂപ്രണ്ട് ജയകുമാര്‍, സി.എസ് അനില്‍കുമാര്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

അസാപ് തൊഴില്‍ പരിശീലനം: ജില്ലയില്‍ 2795 വിദ്യാര്‍ത്ഥികള്‍

 

    കൊച്ചി: ഈ വര്‍ഷം ജില്ലയില്‍ 2795 വിദ്യാര്‍ത്ഥികള്‍ അസാപിന്റെ കീഴില്‍ തൊഴില്‍ പരിശീലനം നേടുന്നുണ്ടെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ നീതു സത്യന്‍ പറഞ്ഞു.  കലക്ട്രേറ്റിലെ ആസൂത്രണ സമിതി ഹാളില്‍  നടന്ന 2017-18 വര്‍ഷത്തെ ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  അസാപിന്റെ കീഴിലുളള പരിശീലന കേന്ദ്രങ്ങളില്‍  ജനറല്‍ വിഭാഗത്തില്‍ പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കും. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസിളവ് നല്‍കുന്നത്. ജനറല്‍ വിഭാഗക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഫീസ് .

 

വിദ്യാര്‍ത്ഥികളില്‍ പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വളര്‍ത്തുക എന്ന ഉദ്ദേശ്യവുമായി 2012 ലാണ് കേരള ഗവണ്‍മെന്റ് അസാപ് പ്രൊജക്ട് ആരംഭിച്ചത്. അസാപിന്റെ നേതൃത്വത്തില്‍ പൊതു വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കാനായി കളമശ്ശേരിയിലും പെരുമ്പാവൂരിലും ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് അസാപ് പ്രോഗ്രാം സീനിയര്‍ മാനേജര്‍ വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു.

 

 യോഗത്തില്‍ എ.ഡി.എം എം.കെ.കബീര്‍ ,അസാപ് കോര്‍ഡിനേറ്റര്‍മാര്‍, പ്രധാനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date