Skip to main content

ജീവന് ഭീഷണിയെങ്കില്‍ കടയ്ക്കല്‍ കത്തിയാകാമെന്ന് മന്ത്രി പി. രാജീവ്

'മരം ഒരു വരം' എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍ കത്തിവയ്ക്കാമെന്ന് മന്ത്രി പി. രാജീവിന്റെ തീര്‍പ്പ്. ഇതോടെ ചിറ്റാര്‍ പഞ്ചായത്ത് നെല്ലിക്കപറമ്പില്‍ എന്‍.ടി.തോമസിന് വീട്ടില്‍ പ്രാണഭയമില്ലാതെ ഉറങ്ങാം. രണ്ടുവര്‍ഷമായി വീടിന്അരികില്‍ ഭീഷണി ഉയര്‍ത്തിയിരുന്ന കൂറ്റന്‍പ്ലാവ് മുറിക്കാന്‍ തീരുമാനമായതാണ് ആശ്വാസം.
അയല്‍പറമ്പിലെ മരമാണ് 40 വര്‍ഷം പഴക്കുള്ള തോമസിന്റെ വീടിന് ഭീഷണിയായത്. പലതവണ ചിറ്റാര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അയല്‍ക്കാരന്‍ വാശിയിലായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു കോന്നിയിലെ താലൂക് അദാലത്ത്. തോമസിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി മരം മുറിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എതിര്‍ കക്ഷി സ്വയം മരം മുറിച്ചില്ലെങ്കില്‍ 1994 ലെ പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം പഞ്ചായത്ത് നേരിട്ട് മരംമുറിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് തോമസ് സര്‍ക്കാരിന് നന്ദിപറഞ്ഞ് പിരിഞ്ഞത്.

date