Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

ലക്ഷ്യ 2018'; തൊഴില്‍മേള നവംബര്‍ 3 ന്

 

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി നവംബര്‍ 3 ന് 'ലക്ഷ്യ 2018' എന്ന പേരില്‍ തൊഴില്‍ മേള തൃക്കാക്കര കെ.എം.എം. കോളേജില്‍ സംഘടിപ്പിക്കുന്നു.  വിവിധ മേഖലകളില്‍ മുപ്പതോളം കമ്പിനികളിലേയ്ക്കായി ആയിരത്തഞ്ഞൂറോളം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്കായി കാക്കനാട് എറണാകുളം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഇനി പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0484-2422452 / 2427494, പ്രായ പരിധി 18-35.

 

സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍

 

കൊച്ചി: 2017 നവംബര്‍ മാസത്തില്‍ കേരളതീരത്ത് ഉണ്ടായ ഓഖീ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ         ഭാഗമായി മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും അതിലെ തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി 'സാഗര' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്താല്‍ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ബോട്ടുടുമകളും നിര്‍ബന്ധമായും സാഗര ആപ്ലിക്കേഷനില്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കേണ്ടതാണ്.  പ്രസ്തുത രജിസ്‌ട്രേഷന്‍ ബോട്ടുകളുടെ ലൈസന്‍സ്                  പുതുക്കുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും നിര്‍ബന്ധമാണ്.  

പ്രസ്തുത ആപ്ലിക്കേഷനില്‍ എറണാകുളം ജില്ലയിലെ ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അതാത് മത്സ്യഭവന്‍ ഓഫീസര്‍മാരെ സമീപിക്കുകയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഫെസിലിറ്റേറ്റര്‍മാരെ സമീപിക്കുകയോ ചെയ്യാവുന്നതാണ്.  അഞ്ച് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച്  5 ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്.                ഇവരുടെ  സേവനം പ്രയോജനപ്പെടുത്തി ജില്ലയിലെ എല്ലാ മത്സ്യബന്ധനയാനങ്ങളും നിര്‍ബന്ധമായും 2018 ഒക്‌ടോബര്‍ 31-നകം പൂര്‍ത്തിയാക്കണം.                               വിശദ വിവരങ്ങള്‍ക്കായി ഓഫീസ് സമയത്ത് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍          0484-2502768, 9961281800.

 

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: 2018-19 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസിനു കീഴില്‍ വിവിധ ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്ന 130 അങ്കണവാടികളിലേക്കും ക്രഷിലേക്കും കളിയുപകരണങ്ങള്‍ വിതരണം നടത്തുന്നതിന് അംഗീകൃത വിതരണക്കാര്‍, സ്ഥാപനങ്ങള്‍ വ്യക്തികള്‍, എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യുന്ന ചെയ്യുന്ന കളിയുപകരണങ്ങള്‍ മികച്ച ഗുണനിലവാരമുളളതും ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷനുളളതും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169. 

 

ക്വട്ടേഷന്‍  ക്ഷണിച്ചു

 

കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്തു നടത്തുന്നതിനുളള (യൂസര്‍ ചാര്‍ജ് പിരിവ് നടത്തുന്നതിനുളള) അവകാശം, പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളില്‍ മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ക്കു പുറമെപരസ്യലേലവും നടത്തും. ടോയ്‌ലറ്റ് അവകാശം ഉറയ്ക്കുന്ന വ്യക്തി ടോയ്‌ലറ്റ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് 11 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൊണ്‍ 0484-2397370, 2397371.

 

ദേശീയ വിര നിര്‍മ്മാര്‍ജ്ജന പരിപാടി ഉദ്ഘാടനം 

 

കൊച്ചി: ദേശീയ വിരനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിളളി നിര്‍വഹിച്ചു. കെടാമംഗലം ഗവ:എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഏഴിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ വി.എസ്.ശിവരമാന്‍, ഏഴിക്കര സാമൂഹികാരോ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്; കരാര്‍ നിയമനം

 

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സ് (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത ബാച്ചിലര്‍ ഓഫ് ഒക്യൂപേഷണല്‍ തെറാപ്പി. അപേക്ഷകള്‍ നവംബര്‍ മൂന്നിന് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ വിലാസത്തില്‍ അയക്കണം.

 

വിമുക്തി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ഇന്ന്  (26/10/3018)

 

കൊച്ചി : കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി കൗണ്‍സിലിംഗ് സെന്ററിന്റെ  ഉദ്ഘാടനം 11 മണിക്ക് കച്ചേരിപ്പടി എക്‌സൈസ് സോണല്‍ കോംപ്ലക്‌സില്‍ ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വ്വഹിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അദ്ധ്യക്ഷത വഹിക്കും .

date