Skip to main content

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകും:  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

 

കൊച്ചി: സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം എളമക്കര പേരണ്ടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. താരതമ്യമില്ലാത്ത ബഹുജന സ്വാധീനമാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 50% വും കേരളത്തിലാണ്. കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സഹകരണ മേഖല സ്പര്‍ശിക്കുന്നു. നോട്ട് നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടലിലൂടെ അതിനെ ചെറുക്കാന്‍ കഴിഞ്ഞു. ഒന്നര ലക്ഷം കോടി നിക്ഷേപം ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയായി വളര്‍ന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതു തെളിയിക്കുന്നത്. 

 

പുതിയ കാലം, പുതിയ വെല്ലുവിളികള്‍ എന്നിവ വിലയിരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ബാങ്കിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സഹകരണ മേഖലയില്‍ കാലാനുസൃതമായ മാറ്റം വേണം. സഹകരണ പ്രസ്ഥാനത്തിന്റെ ആധുനികവത്കരണമാണ് അടുത്തിടെ പ്രഖ്യാപിച്ച സഹകരണ നയത്തിലെ പ്രധാന ഘടകം. സേവനങ്ങള്‍ പരിഷ്‌ക്കരിക്കണം. എല്ലാ സേവനങ്ങളും മൊബൈലില്‍ ലഭ്യമാകുമ്പോള്‍, പുതുതലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ സഹകരണ മേഖലയെയും പരിഷ്‌ക്കരിക്കണം. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനു വേണ്ടിയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 16 മാസങ്ങള്‍ക്കൊണ്ടാണ് കേരള ബാങ്കിന് റിസര്‍വ് അനുമതി നേടിയെടുത്തിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രവാസി നിക്ഷേപത്തിന്റെ 50% എങ്കിലും സഹകരണ മേഖലയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ സ്വപ്‌ന പദ്ധതികള്‍ക്കെല്ലാം ആദ്യം സഹായം നല്‍കിയത് സഹകരണ ബാങ്കാണെന്ന് മന്ത്രി വ്യക്തമാക്കി. 

 

സിയാല്‍, ഗോശ്രീ തുടങ്ങിയ പദ്ധതികള്‍ക്ക് ജില്ല സഹകരണ ബാങ്കാണ് ആദ്യ സഹായം നല്‍കിയത്. മറ്റു ബാങ്കുകള്‍ നിക്ഷേപം സ്വീകരിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കുകയും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുകയും ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വിധം പ്രവര്‍ത്തിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും സഹകരണ മേഖല വ്യക്തമായ പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ആധുനിക സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കാലാനുസൃതമായ മാറ്റങ്ങള്‍ സഹകരണ മേഖലയില്‍ നടപ്പാക്കി വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണസംഘം പ്രസിഡണ്ട് അഡ്വ. കെ.വി. പ്രഭാകര മാരാര്‍ പറഞ്ഞു. 

 

പേരണ്ടൂരിലുള്ള 12 സ്ഥലത്താണ് സംഘത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നത്. ആംബുലന്‍സ് സേവനങ്ങള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബ്, ഡയാലിസിസ് സെന്റര്‍, കളക്ഷന്‍ സെന്റര്‍, കറുകപ്പിള്ളിയില്‍ പുതിയ ശാഖ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആറു വര്‍ഷമായി എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

 

സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജിസിഡിഎ മുന്‍ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ നിര്‍വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ബീന മഹേഷ്, കെ. കെ. രവി കുട്ടന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് എം. അനില്‍കുമാര്‍, സഹകരണസംഘം വൈസ് പ്രസിഡണ്ട് എന്‍.സി. ശശിധരന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ആര്‍. ജോസ്, എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല, തൃശൂര്‍ ജില്ല സഹകരണ സംഘം പ്രസിഡന്റ് സജീവന്‍, ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷാഹുല്‍ഹമീദ്, തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

കൊച്ചി: കലാപകലുഷിതമായ അന്തരീക്ഷത്തിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം എളമക്കര പേരണ്ടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധക്കാര്‍ വസ്തുതകള്‍ മനസിലാക്കണം. സെപ്തംബര്‍ 28 നുണ്ടായ സുപ്രീംകോടതി വിധി വരാനുണ്ടായ സാഹചര്യം പ്രതിഷേധക്കാര്‍ മനസിലാക്കണം. ആരാണ് കേസ് കൊടുത്തതെന്നും വിധിക്ക് ആസ്പദമായ പ്രശ്‌നമെന്തെന്ന് പഠിക്കാന്‍ പ്രതിഷേധക്കാര്‍ തയാറാകണം. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ നിരോധിച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് 2006 ലാണ് സുപ്രീംകോടതിയില്‍ കേസ് വരുന്നത്. അതിനര്‍ഥം 1991 നു മുന്‍പ് ശബരിമലയില്‍ ഈ പ്രായത്തിലുള്ള സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നാണ്. ചില സ്ത്രീകള്‍ ശബരിമലയില്‍ വരുന്നുണ്ടെന്നും ചില പ്രമാണിമാരുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും കാണിച്ച് മഹേന്ദ്രന്‍ എന്ന ആലപ്പുഴക്കാരന്‍ ഹൈക്കോടതിക്കയച്ച കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിക്കുകയായിരുന്നു. കത്തിനു മേല്‍ സര്‍ക്കാരിന് നോട്ടീസയച്ചു. ചോറൂണിന് അടക്കം നിരവധി പേര്‍ ശബരിമലയില്‍ കയറിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. 1991 ല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി പിന്നീടുള്ള സര്‍ക്കാരുകള്‍ നടപ്പാക്കി. പിന്നീട് പ്രായം പരിശോധിച്ചാണ് ഭക്തരെ കയറ്റി വിട്ടിരുന്നത്. 1991 മുതല്‍ 2018 വരെ ഹൈക്കോടതി വിധി പാലിച്ചിരുന്നു. ഒരു സംസ്ഥാന സര്‍ക്കാരും അതിനെതിരേ അപ്പീല്‍ നല്‍കിയില്ല. സ്ത്രീ പ്രവേശന നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി രാഷ്ട്രസേവിക സമിതിയുടെ നേതൃത്വത്തില്‍ അഡ്വ. പ്രേരണ കുമാരി, ഭക്തി സേഥി, സുധ പാല്‍, ലക്ഷ്മി ശാസ്ത്രി എന്നിവരാണ് 2006 ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ സംഘടനകള്‍ ഈ കേസില്‍ കക്ഷി ചേര്‍ന്നു. മതവിശ്വാസവും ആചാരങ്ങളുമടങ്ങുന്ന പ്രശ്‌നമായതിനാല്‍ ഹിന്ദു മത പണ്ഡിതര്‍ അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് വിശ്വാസികളുടെ അഭിപ്രായം തേടണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. വിധി എന്തായാലും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് 12 വര്‍ഷം നീണ്ട കേസ് സുപ്രീംകോടതിയില്‍ നടക്കുന്നത്. 130 അഭിഭാഷകരാണ് മാറിമാറി കേസ് വാദിച്ചത്. സെപ്തംബര്‍ 28 ന് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തിയുള്ള സുപ്രീംകോടതി വിധി നിലവില്‍ വന്നു. ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നിലനില്‍ക്കുന്ന രാജ്യത്ത് സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കുകയേ നിര്‍വാഹമുള്ളൂ. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി അനുവദിക്കാനാകില്ല. 

 

വിശ്വാസങ്ങളും ആചാരങ്ങളും രാഷ്ട്രീയവും വ്യക്തികളും ഭരണഘടനയ്ക്ക് താഴെയാണ്. വിധിയില്‍ എതിര്‍പ്പുള്ളവര്‍ പുനപരിശോധന ഹര്‍ജി നല്‍കട്ടെ. ആദ്യഘട്ടത്തില്‍ എല്ലാവരും വിധിയെ സ്വാഗതം ചെയ്തു. പിന്നീട് പലരും നിലപാട് മാറ്റി. ഈ അവസരം മുതലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ദുരന്തങ്ങളെയെല്ലാം അതിജീവിക്കുന്നതിലടക്കം രാജ്യത്തിന്റെ മുഴുവന്‍ ജനപ്രീതി നേടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം സര്‍ക്കാര്‍ നേടി. പ്രളയവും ഓഖിയും ഒറ്റക്കെട്ടായി സര്‍ക്കാര്‍ നേരിട്ടു. കിട്ടിയ കച്ചിത്തുരുമ്പ് ഉപയോഗിച്ച് സര്‍ക്കാരിനെ പൂട്ടാനാണ് ശബരിമല വിഷയത്തില്‍ ചിലര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ട്. നിഷ്‌ക്കളങ്ക വിശ്വാസികളുടെ ആശങ്ക മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയും. ആചാരങ്ങളെന്ന് കരുതിയിരുന്ന പല അനാചാരങ്ങളെയും അതിജീവിച്ച് മുന്നോട്ട് വന്ന നാടാണിത്. കേരളം ഈ രൂപത്തില്‍ രൂപപ്പെട്ടതിനു പിന്നില്‍ വലിയ ചരിത്രമുണ്ട്. ഹിന്ദുക്കളില്‍ തന്നെയുള്ള മഹാഭൂരിപക്ഷത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള 80% ഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരം വന്നതിനു ശേഷവും പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തിന്റെ പരിസരത്ത് കയറാന്‍ കഴിഞ്ഞിട്ടില്ല. ഗുരുവായൂരില്‍ പട്ടികജാതിക്കാര്‍ കയറിയാല്‍ കൃഷ്ണന്റെ ചൈതന്യത്തിന് കളങ്കമുണ്ടാകുമെന്ന് ചിലര്‍ വാദിച്ചിരുന്നു. വലിയ പോരാട്ടം ഇതിനെതിരേ നടന്നിരുന്നു. മാറുമറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. മാറുമറയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കല്ലുമാല ധരിച്ചിരുന്നു. 1921 ല്‍ മാറുമറച്ചതിന് സ്ത്രീയെ തല്ലിയ നാടാണിത്. ജാതിയില്‍ കുറഞ്ഞവര്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലെന്നതായിരുന്നു അന്നത്തെ ആചാരം. എന്നാല്‍ പിന്നീട് മാറുമറയ്ക്കാനുള്ള അവകാശം സ്വന്തമാക്കി. സതി പോലുള്ള ദുരാചാരങ്ങള്‍ അവസാനിച്ചു. അത്തരത്തില്‍ നിരവധി വഴികള്‍ താണ്ടിയാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. 

 

മാറ്റത്തെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. പക്ഷേ നിഷ്‌ക്കളങ്കരായ വിശ്വാസികളെ ഇളക്കി വിട്ട് കലാപത്തിന് ശ്രമിക്കുന്നവരെ എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. രാഹുല്‍ ഈശ്വറിനേപ്പോലുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുള്‍ അഴിയുകയാണ്. ശത്രു രാജ്യത്തെ നേരിടാന്‍ സൈന്യം തയാറാക്കുന്ന പോലെ പ്ലാന്‍ എ, പ്ലാന്‍ ബി മാതൃകയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ചോര വീഴ്ത്തി നടയടപ്പിക്കാനുള്ള ചിന്ത കലാപ കലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് കേരളത്തിന്റെ മനസിനെ കൊണ്ടുപോകലാണ്. അത്തരം പദ്ധതികള്‍ പ്രായോഗികമാക്കാന്‍ കൂടി അത്തരം വ്യക്തികള്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഇതോടെ ബോധ്യമാവുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക്, ന•-യ്ക്ക്, സദാചാര മൂല്യങ്ങള്‍ക്ക് ചേരാത്ത ഇത്തരം ദുഷ്പ്രവൃത്തികളെക്കുറിച്ച് സമൂഹം ചിന്തിക്കണം. തത്വമസിയുടെ ആസ്ഥാനവും മതേതരത്തിന്റെ മഹത്തായ പ്രതീകവുമായ പരിപാവന സന്നിധിയില്‍ ചോരവീഴ്ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ശബരിമല ഭക്തര്‍ക്കായി കോടികള്‍ മുടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

date