Skip to main content

കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാന്‍ മത്സ്യഫെഡിന്റെ  പുതിയ ടൂര്‍ പാക്കേജ്

 

 

 

കൊച്ചി:  കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനുള്ള  മത്സ്യഫെഡിന്റെ  പുതിയ ടൂര്‍ പാക്കേജ് - ഭൂമിക - ഇന്ന് (ഒക്‌ടോബര്‍ 26) ഞാറയ്ക്കലില്‍  ആരംഭിക്കും.

മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍, മാലിപ്പുറം, പൂത്തോട്ടയ്ക്കു സമീപമുള്ള പാലായ്ക്കരി എന്നീ മൂന്ന്  ജലവിനോദ സഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു  കൊണ്ടുള്ള പുതിയ ഏകദിന ടൂര്‍ പാക്കേജാണ് ഭൂമിക.  രാവിലെ 8.30 ന്  ആരംഭിച്ച് രാത്രി 7 മണിക്ക് യാത്ര അവസാനിക്കും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴം/ ലഘുഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടും. 

15 അംഗങ്ങള്‍ക്ക്  പാക്കേജില്‍ പങ്കെടുക്കുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.  ചുരുങ്ങിയത് 8 അംഗങ്ങള്‍ എങ്കിലും വേണം. മൂന്ന് ജല വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും, സൗന്ദര്യ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതോടൊപ്പം, രൂചികരമായ ആഹാരവും സഞ്ചാരികള്‍ക്ക്  യാത്ര ചെയ്യുന്നതിനായി ശീതീകരിച്ച ട്രാവലര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സഞ്ചാരികള്‍ക്കൊപ്പം ഒരു ഗൈഡിന്റെ സേവനവും യാത്രയിലുടനീളം ഉണ്ടാകും..

രാവിലെ 8.30 ന് ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്ററിലെ  ഏറുമാടത്തിലുള്ള പ്രാതലിന് ശേഷം യാത്ര ആരംഭിക്കും. രാവിലെ 10.30 വരെ മുളം കുടില്‍ വിശ്രമം, ചൂണ്ടയിടല്‍, കുട്ട വഞ്ചി, കൈതുഴ വഞ്ചി, പെഡല്‍ ബോട്ട്, വാട്ടര്‍ സൈക്കിള്‍, കയാക്കിംഗ് എന്നിവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനുശേഷം പാലായ്ക്കരി ജലവിനോദ സഞ്ചാരകേന്ദ്രത്തിലേയ്ക്ക് ശീതീകരിച്ച വണ്ടിയില്‍ യാത്ര തിരിക്കും . പാലായ്ക്കരിയില്‍ മത്സ്യകന്യക കാഴ്ച കണ്ടതിന് ശേഷം ഫാമില്‍ കൃഷിചെയ്ത കരിമീന്‍, ചെമ്മീന്‍, ഞണ്ട് തുടങ്ങിയ വിഭവങ്ങളോടുകൂടിയ വിഭവസമൃദ്ധമായ  ഊണും ക്രമീകരിച്ചിട്ടുണ്ട്.

ഊണിനുശേഷം ശിക്കാരി ബോട്ട് യാത്രയും  കെട്ടുവള്ളം മ്യൂസിയം സന്ദര്‍ശനവും, കുട്ടികളുടെ പാര്‍ക്ക് സന്ദര്‍ശനം എന്നിവയ്ക്കുശേഷം മാലിപ്പുറം അക്വാ ടൂറിസം സെന്ററില്‍ എത്തും.

പൂമീന്‍ ചാട്ടം കണ്ടതിനുശേഷം കണ്ടല്‍പാര്‍ക്ക് വിശ്രമവും ചാപ്പാ ബീച്ച് സന്ദര്‍ശനവും സൂര്യാസ്തമയ കാഴ്ചയ്ക്കും ശേഷം തിരികെ ഞാറക്കല്‍ അക്വാ സെന്ററിലെത്തും.

ഭൂമിക വിനോദ സഞ്ചാര പദ്ധതിയുടെ കന്നിയാത്ര ഞാറയ്ക്കല്‍ അക്വാടൂറിസം സെന്ററില്‍ നിന്നും ഇന്ന് (  27102018 )  ശനിയാഴ്ച ആരംഭിക്കും.  പെരിന്തല്‍മണ്ണയിലെ രാമപൂരം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളായ മന്‍സൂറും, സംഘവുമാണ് കന്നിയാത്രക്കാര്‍. 

ഒരാള്‍ക്ക് 4,000  രൂപയാണ് ചാര്‍ജ്. നവംബര്‍ 30ാം തീയതി വരെ ഓഫര്‍ ചാര്‍ജ്ജ് 3,000  രൂപയായിരിക്കുമെന്ന് ഫാം മാനേജര്‍  നിഷ പി പറഞ്ഞു.  ഭൂമികയുടെ തന്നെ പാലായ്ക്കരിയില്‍ നിന്നും ആരംഭിച്ച് ഞാറയ്ക്കല്‍, മാലി പ്പുറം സന്ദര്‍ശിച്ച് പാലായ്ക്കരിയില്‍ തിരിച്ചെത്തുന്ന പാക്കേജ് കഴിഞ്ഞ ആഴ്ച പാലായ്ക്കരിയില്‍ ആരംഭിച്ചു. 

 

മത്സ്യഫെഡ് ഞാറയ്ക്കല്‍ അക്വാടൂറിസം സെന്റര്‍ സഞ്ചാരികള്‍ക്കായി വെള്ളത്തിനു നടുക്ക് വഞ്ചിയുടെ ആകൃതിയിലുള്ള ഒരു തുരുത്തും അതില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടവും കഴിഞ്ഞ മാസമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 

date