Skip to main content

ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി: 18 അപേക്ഷകളിന്മേല്‍ തീര്‍പ്പ്

 

കൊച്ചി:  മൂവാറ്റുപുഴ താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ യോഗത്തില്‍ 18 അപേക്ഷകള്‍ക്ക് പരിഹാരമായി. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്ന മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പട്ടയത്തിനായുള്ള അപേക്ഷകളാണ് ലാന്റ് അസൈന്‍മെന്റ് യോഗത്തില്‍ പരിഗണിക്കുന്നത്. അതത് വില്ലേജ് ഓഫീസുകളില്‍ ലഭിച്ചിരിക്കുന്ന പട്ടയത്തിന്റെ അപേക്ഷകളിന്‍മേല്‍ നിയമപരമായ അന്വേഷണങ്ങള്‍ക്ക് ശേഷം 18 അപേക്ഷകളാണ് ഇന്നലെ നടന്ന ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്.  

 

മുളവൂര്‍ വില്ലേജില്‍ നിന്നും രണ്ടും, കല്ലൂര്‍ക്കാട് വില്ലേജില്‍ നിന്ന് ഒന്നും, മഞ്ഞള്ളൂര്‍ വില്ലേജില്‍ നിന്നും നാലും, ഏനാനല്ലൂര്‍ വില്ലേജില്‍ നിന്നും മൂന്നും, മൂവാറ്റുപുഴ വില്ലേജില്‍ നിന്നും രണ്ടും, വെള്ളൂര്‍കുന്നം വില്ലേജില്‍ നിന്നും രണ്ടും, മാറാടി വില്ലേജില്‍ നിന്നും ഒന്നും, കൂത്താട്ടുകുളം വില്ലേജില്‍ ഒന്നും, ആരക്കുഴ വില്ലേജിലെ  ഒന്നും, ഇലഞ്ഞി വില്ലേജില്‍ നിന്നും ഒന്നും, അപേക്ഷകളാണ് കമ്മിറ്റി പരിഗണിച്ച ശേഷം പട്ടയം ലഭ്യമാക്കാനായി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ പട്ടയത്തിനായി 2012മുതലുള്ള അപേക്ഷകളില്‍ നിന്നുള്ളവയാണ് പരിഗണിച്ചത്. നേരത്തെ നടന്ന ലാന്റ് അസൈമെന്റ് യോഗത്തില്‍ 20 അപേക്ഷകള്‍ തീര്‍പ്പാക്കിയിരുന്നു. 

 

അപേക്ഷകര്‍ക്ക് വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ ,വിവാഹക്കാര്യങ്ങള്‍ക്ക്  ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പുതിയ കമ്മിറ്റി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്കുള്ള പട്ടയങ്ങള്‍ നല്‍കുന്നതോടെ വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറി.

 

മൂവാറ്റുപുഴ മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ജോസ് പെരുമ്പിള്ളികുന്നേല്‍, ജോര്‍ഡി.എന്‍.വര്‍ഗീസ്, ആര്‍.ഡി.ഒ എം.റ്റി. അനില്‍കുമാര്‍, തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന്‍ എന്നിവര്‍ പങ്കെടുത്തു.

date