മൂലൂര്‍ നാടിന്റെ വികസനത്തില്‍ വിപ്ലവ ഇടപെടലുകള്‍ തീര്‍ത്ത വ്യക്തിത്വം : മന്ത്രി വീണാ ജോര്‍ജ്
നാടിന്റെ വികസനത്തില്‍ വിപ്ലവ ഇടപെടലുകള്‍ തീര്‍ത്ത വ്യക്തിത്വമാണ് മൂലൂരെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കര്‍ സ്മാരക അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള സാംസ്‌കാരിക ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ച സരസകവി മൂലൂര്‍ കാലങ്ങള്‍ക്കിപ്പുറവും പ്രചോദനമാണ്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാന്‍ മാതൃകാപരമായ മുന്നേറ്റമാണ്. മെഴുവേലി ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സമഗ്ര പഠനം നടത്തി തയ്യാറാക്കിയ മൈക്രോപ്ലാന്‍ കേരളത്തിലെ ആദ്യത്തെതാണ്. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറ്റുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 39 - മത് മൂലൂര്‍ പുരസ്‌കാരം ഷാജി നായരമ്പലത്തിന്റെ ഗുരു ദേവ ഗീത എന്ന കാവ്യ സമാഹാരത്തിനാണ് ലഭിച്ചത്. ഗുരുദേവനെ കുറിച്ചുള്ള 33 കവിതകളും 6 അനുബന്ധ കവിതകളും ഉള്‍കൊള്ളുന്ന കാവ്യ സമാഹരമാണ് ഗുരു ദേവ ഗീത.
25,001 രൂപയും പ്രശസ്ത്രി ഫലകവും ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഷാജി നായരമ്പലം ഏറ്റുവാങ്ങി. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് മുന്‍ എം എല്‍എ കെ സി രാജഗോപാല്‍ അധ്യക്ഷനായി. പി ഡി ബൈജു പ്രശസ്തി പത്ര അവതരണം നടത്തി. മുലൂര്‍ സ്മാരക സമിതി സെക്രട്ടറി വി വിനോദ്, പുരസ്‌കാര വിധി നിര്‍ണയ സമിതി അധ്യക്ഷന്‍ കെ വി സുധാകരന്‍ ,പ്രൊഫ. ഡി പ്രസാദ്, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments