നാട് പിറകോട്ട് പോകില്ല, കൂട്ടായ്മയിലൂടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കും; മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം കൂ്ട്ടായ്മയിലൂടെ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ഗസ്റ്റ് ഹൗസില്‍ അബുദാബി ശക്തി അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയില്‍ പൊതുവിലും യുഎഇയില്‍ പ്രത്യേകിച്ചും മലയാളികളുടെ കൂട്ടായ്മ വളര്‍ത്തുന്നതില്‍ അബുദാബി ശക്തി കൂട്ടായ്മ പ്രധാന പങ്കുവഹിച്ചു. പലയിടങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന പ്രചോദനമേകി. അത്തരം ഘട്ടത്തിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുരസ്കാരം ഏര്‍പ്പെടുത്തിയത്. തൊഴില്‍ തേടി വിദേശത്തു പോയവര്‍ നാടിനോടുള്ള പ്രതിപത്തിയോടൊപ്പം തന്നെ കലാസാംസ്കാരിക കഴിവുകളും പ്രകടിപ്പിക്കാറുണ്ട്. വിവിധ സംഘടനകള്‍ ഓരോ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ പൊതുആവശ്യങ്ങള്‍ ഇത്തരം കൂട്ടായ്മകള്‍ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യാറുണ്ട്. പ്രളയമുണ്ടായപ്പോള്‍ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും സഹായമെത്തി. അവശ്യ വസ്തുക്കളും സാമ്പത്തിക സഹായങ്ങളും എത്തി.
യുഎന്‍ കണക്ക് പ്രകാരം 31000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത്. അതിലധികം തുക വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. മാനദണ്ഡമനുസരിച്ച് 4000 കോടിയാണ് പരമാവധി കേന്ദ്രസഹായം ലഭിക്കുക. കേന്ദ്രസഹായം 4000 കോടിയും പ്രത്യേക പാക്കേജായി 5000 കോടി രൂപയുമാണ് സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വായ്പ പരിധി വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്ര തുക ലഭ്യമാകുമെന്ന് ഇതുവരെ അറിവായിട്ടില്ല. എളുപ്പത്തില്‍ ഇതെല്ലാം അനുവദിക്കുമെന്ന പ്രതീക്ഷയുമില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാനും വിദേശ രാജ്യത്ത് പോയി പണം സമാഹരിക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഗുജറാത്ത് അടക്കം വിവിധ സ്ഥലങ്ങളില്‍ ഇത്തരം ദുരന്തമുണ്ടായപ്പോള്‍ വിദേശ രാജ്യത്തു നിന്നടക്കം സഹായങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ ഇത്തരം സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 700 കോടി രൂപയാണ് യുഎഇ വാഗ്ദാനം ചെയ്തത്. യുഎഇയ്ക്കൊപ്പം മറ്റു രാജ്യങ്ങളും സഹായിക്കുകമായിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിക്കപ്പെട്ടു. അമേരിക്കയില്‍ പോയപ്പോള്‍ മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട് പിന്നോട്ട് പോകില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിഷേധ നിലപാടുകളെ കൂട്ടായ്മയിലൂടെ മറികടക്കുമെന്നും മു്ഖ്യമന്ത്രി പറഞ്ഞു.
അബുദാബിയുലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ പി. കൃഷ്ണനുണ്ണിയുടെ (കേരളം ഒരു ഡോക്യുമെന്റ്), കവിത - അഹമ്മദ് ഖാന് (മതേതര ഹാസം), വിനോദ് വൈശാഖി (കൈതമേല്‍ പച്ച), നാടകം - സുഭാഷ് ചന്ദ്രന് (ഒന്നര മണിക്കൂര്‍), ചെറുകഥ - ജി.ആര്. ഇന്ദുഗോപന് (കൊല്ലപ്പാട്ടി ദയ), വിജ്ഞാന സാഹിത്യം - ഡോ. കെ.എന്‍. ഗണേഷ് (മലയാളിയുടെ ദേശകാലങ്ങള്‍), ഡോ. വി.പി.പി. മുസ്തഫ (കലയും പ്രത്യയശാസ്ത്രവും ഇഎംഎസിന്റെ വിചാര ലോകവും), സാഹിത്യ നിരൂപണം - ഡോ. പി. സോമന് (വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ബാലസാഹിത്യം - കെ. രാജേന്ദ്രന് (ആര്‍സിസിയിലെ അത്ഭുതക്കുട്ടികള്‍), ഇതരസാഹിത്യം-ഡോ. ജോര്‍ജ് വര്‍ഗീസ് (ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ജീവിതം ശാസ്ത്രം ദര്‍ശനം) എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ശക്തി-ടി.കെ. രാമകൃഷ്ണന് പുരസ്കാരം എം. മുകുന്ദന് ഏറ്റുവാങ്ങി. കെ.വി. രാമചന്ദ്രന് രചിച്ച സുരക്ഷിതത്വം ഭൂതം ഭാവി വര്‍ത്തമാനം എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. മുഖ്യമന്ത്രിയില്‍ നിന്ന് കൊച്ചിന് ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ എന്‍.വി. സുരേഷ് ബാബു പുസ്തകം ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സംഘടനകള്‍ നല്കിയ സംഭാവനയും ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി. അവാര്‍ഡ് ഏറ്റുവാങ്ങിയ വിനോദ് വൈശാഖന്, പി. സോമന്, കെ. രാജേന്ദ്രന് എന്നിവര്‍ അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡോ. പി.കെ. ശങ്കുണ്ണി മേനോന് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അമേരിക്കന്‍ മലയാളി സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9.5 കോടി രൂപ സംഭാവന കെയര്‍ ആന്‍ഡ് ഷെയര്‍ പ്രസിഡന്റ് ആന്‍ഡ്രൂ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അവാര്‍ഡ് കമ്മിറ്റി അംഗം പ്രഭാവര്‍മ്മ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ജിസിഡിഎ ചെയര്മാന് അഡ്വ. വി. സലിം, ജിസിഡിഎ മുന്‍ ചെയര്മാന് സി.എന്‍. മോഹനന്, മുന്‍ എം.പി. പി. രാജീവ്, പ്രൊഫ. എം.കെ. സാനു, അബുദാബി ശ്ക്തി തിയേറ്റേഴ്സ് പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, സംഘടാകസ സമിതി കണ്‍വീനര്‍ കെ. രവിക്കുട്ടന്, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ മുസ്സാ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments