ലോക കേൾവി ദിനം; വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു
ദേശീയ ബധിരത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലോക കേൾവി ദിനാചരണത്തോട് അനുബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. എല്ലാ വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവർത്തനം പരിപാടിയുടെ നടത്തിപ്പിന് ഉണ്ടാകണം എന്ന് കളക്ടർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. എൻപിപിസിഡി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ & കണ്ട്രോൾ ഓഫ് ഡഫ്നെസ്) നോഡൽ ഓഫീസർ ഡോ. ടി എൻ സുരേഷ് ദിനാചരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
നേരത്തെ കണ്ടെത്തിയാൽ കേൾവി വൈകല്യങ്ങൾ പരിഹരിക്കാൻ കഴിയുന്നവയാണ്. ദേശീയ ബധിരത നിയന്ത്രണ പരിപാടിയുടെ നോഡൽ സെന്റർ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ആണുള്ളത്. വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, പേരാമ്പ്ര താലൂക്ക് ആശുപത്രി, ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എക്സ്റ്റെൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നു.
'മനോഭാവം മാറ്റാം, എല്ലാവർക്കും ചെവിയുടെയും കേൾവിയുടെയും പരിരക്ഷ ഉറപ്പാക്കാം' എന്നതാണ് ഈ വർഷത്തെ കേൾവി ദിനാചരണ സന്ദേശം.
പ്രൈമറി തലം വരെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കേൾവി കുറവിനെയും ചെവിക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് പ്രൈമറി അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിൽ അവബോധം സൃഷ്ടിക്കുകയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ കേൾവി കുറവുള്ള കുട്ടികളെയും കേൾവിക്കുറവ് സംശയിക്കുന്ന കുട്ടികളെയും കണ്ടെത്തി എൻപിപിസിഡിയുടെ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തിച്ച് കേൾവി പരിശോധന നടത്തി വേണ്ട ചികിത്സാ-പുനരധിവാസ പ്രവർത്തനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്.
ദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികളിലെ കേൾവി സംബന്ധിച്ച ബോധവത്ക്കരണ സ്ക്രീനിംഗ് പ്രവർത്തനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ ടീച്ചർമാർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, സിഡിഒപിമാർ, അംഗനവാടി ടീച്ചർമാർ, ആർബിഎസ്കെ നഴ്സുമാർ എന്നിവർക്ക് പരിശീലനം നൽകും. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വിദ്യാഭ്യാസ കമ്മറ്റി വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ഐസിഡിഎസ് ജില്ലാ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വനിത ശിശു വികസന വകുപ്പ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments