പോഷ് ആക്റ്റ്: ലോക്കൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ജില്ലാ കലക്ടർമാർ ഉറപ്പാക്കണമെന്ന് വനിത കമ്മിഷൻ
പോഷ് ആക്ട് അനുസരിച്ച് 10-ൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന
ലോക്കൽ കമ്മിറ്റികൾ (എൽ സി)നിയമാനുസൃതമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു എന്ന് ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് ജില്ലാതല സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
പത്തിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ലോക്കൽ കമ്മിറ്റി രൂപീകരിക്കുന്നത്. ഇതിനെക്കുറിച്ച് തൊഴിൽദാതാവിനും ജീവനക്കാർക്കും കൃത്യമായ ധാരണ ഉണ്ടാകണം. ലോക്കൽ കമ്മറ്റികൾ പേരിന് രൂപീകരിച്ചാൽ മാത്രം പോര, അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് കളക്ടർമാർ ഉറപ്പാക്കണം.
വിവാഹേതര ബന്ധങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി കമ്മിഷനെ സമീപിക്കുന്ന കേസുകൾ കൂടുകയാണ്.
ഇതു കാരണം സംഘർഷത്തിൽ ആവുന്നത് കുട്ടികളാണ്. ആരോഗ്യകരമായ ആൺ-പെൺ ബന്ധത്തെക്കുറിച്ച് വിവാഹത്തിന് മുൻപ് തന്നെ ബോധവൽക്കരണ ക്ലാസുകൾ നൽകേണ്ടതുണ്ടെന്നും വനിത കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
സമുദായ സംഘടനയുടെ ഇടപെടലിന്റെ ഭാഗമായി കുടുംബപ്രശ്നം ഉണ്ടായ സംഭവം കമ്മിഷന്റെ മുമ്പാകെ വന്നതായി പി സതീദേവി പറഞ്ഞു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചത് കാരണം കുടുംബക്ഷേത്രത്തിൽ വിലക്ക്, കുടുംബത്തിലെ ചടങ്ങുകൾക്ക് വിലക്ക് എന്നിങ്ങനെയാണ് പരാതി. കേട്ടുകേൾവിയില്ലാത്ത വിധം 'കുടുംബസമിതി' ഉണ്ടാക്കി പരാതിക്കാരിയെ ഒറ്റപ്പെടുത്തുകയാണ്.
വ്യാഴാഴ്ച നടന്ന സിറ്റിങ്ങിൽ 61 കേസുകൾ പരിഗണിച്ചതിൽ 13 എണ്ണം തീർപ്പാക്കി. നാലെണ്ണത്തിൽ പോലീസ് റിപ്പോർട്ട് തേടി. ഒന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 43 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.
വനിത കമ്മിഷൻ അംഗം അഡ്വ പി കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വക്കറ്റുമാരായ സീനത്ത്, ജമിനി, കൗൺസിലർമാരായ സബിന, അവിന, സുനിഷ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
- Log in to post comments