ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ചു; ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കും: മന്ത്രി കെ രാജൻ
ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ 555 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കുകയാണ്. മുന്നൂറോളം വില്ലേജ് ഓഫീസുകളുടെ നിർമാണം ആരംഭിച്ചു. ഇതിനൊപ്പം, റവന്യൂ വകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഇ-സേവനങ്ങൾ ആക്കുന്ന നടപടിക്രമങ്ങളും നടന്നു വരുന്നു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ നിലവിൽ ഒരുലക്ഷത്തി എൺപതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കെ. വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയ രാജ രാമവർമ മുഖ്യാതിഥിയായി. വില്ലേജ് ഓഫീസിന്റെ ശിലാഫലക അനാഛാദനം എം.എൽ.എയും ജില്ലാ കലക്ടർ അരുൺ കെ വിജയനും ചേർന്ന് നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. 27,30,753 രൂപയ്ക്കാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിപ്പ് കേന്ദ്രം, ഡൈനിംഗ് റൂം, മറ്റ് ഓഫീസ് റൂം, മൂന്ന് ടോയ്ലറ്റ്, റാമ്പ് എന്നിവ ഉൾപ്പെടെ 106 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്. ഒമ്പത് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുന്ന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ ചിറക്കൽ വില്ലേജ് ഓഫീസും സ്മാർട്ടാകുമ്പോൾ ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകും.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി സരള, ജില്ലാ പഞ്ചായത്തംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ വി സതീശൻ, ഗ്രാമപഞ്ചായത്തംഗം കെ കെ നാരായണൻ, എ.ഡി.എം കെ പദ്മചന്ദ്രക്കുറുപ്പ്, തഹസിൽദാർ എം.ടി സുരേഷ് ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments