മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത മാതൃകയുമായി പറക്കോട് മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റ് ചിറ്റയം ഗോപകുമാര്‍ ഇന്ന് (മാര്‍ച്ച് 26) ഉദ്ഘാടനം ചെയ്യും
മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത മാതൃകയുമായി പറക്കോട്
മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റ് ചിറ്റയം ഗോപകുമാര്‍ ഇന്ന് (മാര്‍ച്ച് 26) ഉദ്ഘാടനം ചെയ്യും
സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തില്‍ വ്യത്യസ്ത മാതൃകയുമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്.
ജില്ലയിലെ ആദ്യ മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇന്ന് (മാര്‍ച്ച് 26) നിര്‍വഹിക്കും. 2024- 25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 44.71 ലക്ഷം രൂപ യൂണിറ്റിനായി ചെലവഴിച്ചു. ബ്ലോക്കിലെ ഏഴംകുളം, ഏറത്ത്, ഏനാദിമംഗലം, കലഞ്ഞൂര്‍, കടമ്പനാട്, കൊടുമണ്‍, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പ്രാഥമിക പരിഗണന. വീടുകളില്‍ നിന്ന് 4000 രൂപ യൂസര്‍ ഫീ ഈടാക്കും. ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് യൂണിറ്റിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ദൂരമനുസരിച്ച് അധിക യൂസര്‍ ഫീ ഈടാക്കുമെന്ന് ബിഡിഒ രജീഷ് ആര്‍ നാഥ് പറഞ്ഞു.
ഗവേഷണ സ്ഥാപനമായ 'വാഷ്' ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതികവിദ്യ വികസിപ്പിച്ചു. ഭൗമ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മാണവും തുടര്‍ പരിപാലനവും. സഞ്ചാരം, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം അറിയുന്നതിനായി വാഹനത്തില്‍ സിസിടിവി കാമറയുണ്ട്.
മണിക്കൂറില്‍ 6,000 ലിറ്റര്‍ പ്രവര്‍ത്തന ശേഷിയുള്ള ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാന്റില്‍ ഖര, ദ്രവ മാലിന്യങ്ങള്‍ വേര്‍തിരിക്കാം. സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ അളവ്, ബാക്ക് വാഷിനു എടുക്കുന്ന സമയം, പൈപ്പ് ബന്ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് സംസ്‌കരണ സമയം വ്യത്യാസപ്പെടാം. സംസ്‌കരണ ശേഷം ചെറിയ അലവിലുള്ള ഖര മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റും. സംസ്‌കരണത്തിലൂടെ അവസാനം ലഭിക്കുന്ന ജലം കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കാം. മണല്‍ ഫില്‍റ്റര്‍, ചാര്‍ക്കോള്‍ ഫില്‍റ്റര്‍, മൈക്രോ ഫില്‍റ്ററുകള്‍, അള്‍ട്രാ-ഫില്‍റ്റര്‍, ക്ലോറിനേഷന്‍ എന്നിങ്ങനെ ഒന്നിലധികം ഘട്ടങ്ങളിലൂടെ മലിനജലം ശുചിയാകും.
മലിനജല സംസ്‌കരണത്തിന് സ്ഥിരസംവിധാനം നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ ബദലാണിതെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് പറഞ്ഞു.
സംസ്‌കരണ പ്രക്രിയയിലൂടെ ജലാശയങ്ങളിലെയും ഭൂഗര്‍ഭജല മലിനീകരണത്തിന്റെയും സാധ്യത കുറയ്ക്കാനാകും. ഖര-ദ്രാവക വേര്‍തിരിക്കല്‍, ജലാംശം നീക്കി വളമാക്കല്‍, വാട്ടര്‍ ട്രീറ്റ്മെന്റ് , മെംബ്രൈന്‍ ഫില്‍റ്ററേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റില്‍ നടക്കുന്നത്. വിദഗ്ദ പരിശീലനം ലഭിച്ചവരാണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് (കോണ്‍ക്രീറ്റ്/പ്ലാസ്റ്റിക് ) ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്‌കരിക്കുക. പ്ലാസ്റ്റിക്, അടുക്കള, വ്യാവസായിക, ഖരമാലിന്യങ്ങള്‍ എന്നിവ സംസ്‌ക്കരിക്കാനാകില്ല. പൊതുജനങ്ങള്‍ക്ക് യൂണിറ്റ് ബുക്ക് ചെയ്യുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ നല്‍കും. സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തിനുളള മികച്ച ഉപാധിയാണ് മൊബൈല്‍ യൂണിറ്റെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ പറഞ്ഞു.
- Log in to post comments