ഭരണഭാഷ മാതൃഭാഷ സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ പദങ്ങളുടെ ഏകീകരണം അനിവാര്യമെന്ന് പ്രൊഫ.കെ.ജി.പൗലോസ്
കാക്കനാട്: ഭരണഭാഷ മാതൃഭാഷ എന്ന ആശയം പരിപൂര്‍ണ്ണമാകണമെങ്കില്‍ ജില്ലകള്‍ തോറും പദങ്ങളുടെ ഏകീകരണം നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ സംസ്‌കൃതപണ്ഡിതന്‍ പ്രൊഫ.കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു. മലയാളദിന, ഭരണഭാഷാ വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ നിര്‍വ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തര്‍ജ്ജമകളില്‍ ഇതരഭാഷകളുടെ അബോധപൂര്‍വ്വമായ കടന്നുകയറ്റം പ്രബലമാണ്. പ്രാദേശികപദങ്ങളും കടന്നുവരും. ഇവിടെയാണ് മാനകഭാഷയുടെ അത്യന്താപേക്ഷികത. അതുണ്ടായാലേ സംവദിക്കുന്നതും ഗ്രഹിക്കുന്നതുമായ ആശയം ഒന്നുതന്നെയാകൂ. ഗുണഭോക്താവിനെ അറിയാത്ത ഭരണം നിഷ്ഫലമാണ്. പൗരന്റെ പ്രശ്നമറിയാനും പരിഹാരം കാണാനുമുള്ള മനസ്സ് ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. ക്ലാസ്സ് മുറി, കോടതി, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാംതന്നെ മലയാളത്തിന് പ്രാമുഖ്യം നല്‍കണം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കൈപ്പിഴയാണ് ഇംഗ്ലീഷിനോടുള്ള വിധേയത്വം. വിദേശഭാഷകളില്‍ മക്കള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ തിരക്കുകൂട്ടുന്ന മാതാപിതാക്കള്‍ അവര്‍ക്ക് മാതൃഭാഷ ചിട്ടപ്പെടുത്തിനല്‍കണമെന്ന് ചിന്തിക്കുന്നില്ല. ഇംഗ്ലീഷില്‍ അക്ഷരവിന്യാസത്തിനു നല്‍കുന്ന പ്രാധാന്യം മലയാളത്തില്‍ നല്‍കുന്നുമില്ല. ഈ മനോഭാവം മാറണം. വ്യവഹാരഭാഷയല്ല മാനകഭാഷ. ഭരണഭാഷ പഠിക്കുന്നതിന് കൃത്യമായ രീതിയില്‍ മലയാളഭാഷയും ഭാഷയുടെ ഗതിവിഗതികളും പഠിക്കണം. വിശേഷണങ്ങളിലെ വൈരുദ്ധ്യം ഇതിനുദാഹരണമാണ്. ഭംഗിയെയോ ഇഷ്ടത്തെയോ കുറിക്കാന്‍ 'ഭയങ്കരം' എന്ന വാക്ക് സംസ്ഥാനത്തുടനീളം സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഭയം ജനിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ഭയങ്കരം എന്ന പദം വിപരീത സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് പ്രയോഗങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാലാണ്. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. വിദേശരാജ്യങ്ങള്‍ക്ക് മലയാളഭാഷയോടുള്ള ആദരവ് നമ്മളും കാണിക്കണം.
മലയാളിയുടെ മനസ്സെന്താണെന്ന് പ്രളയം കാണിച്ചുതന്നു. കേരളത്തിന്റെ സംസ്‌കാരം തിരിച്ചറിയാന്‍ പ്രളയം കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കല്‍പ്പത്തിനുമപ്പുറത്ത് മഴ കുത്തിയൊലിച്ചു കടന്നുപോയപ്പോള്‍ ഓരോ ജീവനും രക്ഷപ്പെടുത്താന്‍ യുവാക്കളുടെ നേതൃത്വത്തില്‍ മലയാളികള്‍ ഒറ്റമനസ്സോടെ ജീവന്മരണ പോരാട്ടം നടത്തി. തമിഴ്നാടടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളികള്‍ നന്മയുടെ ആള്‍രൂപങ്ങള്‍തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എം.വി.സുരേഷ്‌കുമാര്‍, പി.ബി.സുനിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസി.എഡിറ്റര്‍ കെ.കല, ജില്ലാതല ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയലാറിന്റെ എന്റെ ഭാഷ എന്ന കവിത റവന്യൂ ജീവനക്കാര്‍ അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- Log in to post comments