Skip to main content

എറണാകുളം അറിയിപ്പുകള്‍2

പ്രവാസി സംഘടന യോഗം

 

കൊച്ചി: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എറണാകുളം മേഖലയില്‍പ്പെട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ പ്രവാസി സംഘടനാ ഭാരവാഹികളുടെ യോഗം എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്നു. ബോര്‍ഡിന്റെ പദ്ധതികളില്‍  കൂടുതല്‍ പ്രവാസികളെ അംഗങ്ങളാക്കുന്നതിനും ക്ഷേമ പദ്ധതികളെക്കുറിച്ചുളള ബോധവത്കരണ പരിപാടി നടത്തുന്നതിനും ജില്ലാതല കാമ്പയിനും അദാലത്തും നടത്തുന്നതിന് യോഗത്തില്‍ ധാരണയായി. ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍, ലോക കേരള സഭ, നോര്‍ക്ക നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. 

 

യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീവ് തൈയ്ക്കാട്, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം. രാധാകൃഷ്ണന്‍ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍  ഗോപാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

 

ചിത്രരചനാ മത്സരം നാളെ (നവംബര്‍ മൂന്ന്)

 

കൊച്ചി: ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മല്‍സരം നാളെ (നവംബര്‍ മൂന്നിന്) എറണാകുളം സുബാഷ് പാര്‍ക്കില്‍ നടക്കും. എല്‍.പി/യു.പി/എച്ച്.എസ് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 

 

 

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നിന് രാവിലെ ഒന്‍പതിന് സുബാഷ് പാര്‍ക്കില്‍ എത്തണം. മല്‍സരാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ മുന്‍കൂട്ടിയും ബന്ധപ്പെടാം. വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ്ഭവന്‍, തിരുവനന്തപുരം695033, ഫോണ്‍:04712302231, 2307830. വിശദവിരങ്ങള്‍  സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇമെയില്‍:  landuseboard@yahoo.com വെബ്‌സൈറ്റ്: www.kslub.kerala.gov.in.

 

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ  കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്: ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയാഗ്രാഫി; ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്: ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി; ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. 

ദൃശൃ മാധ്യമ  രംഗത്ത് ഏറെ ജോലി സാധ്യതയുളള ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 10. താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബ്ബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2721917/8547720167/9447143368.

 

ഐ.സി.ഡി.എസ് പ്രോജക്ടുതല പരിപാടി 3-ന്

 

കൊച്ചി: ലോക പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി   കൊച്ചി  (അര്‍ബന്‍) 2 ഐ.സി.ഡി.എസ് -ന്റെ പ്രോജക്ടുതല പരിപാടി നവംബര്‍  മൂന്നിന്  രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ഹാളിനോടനുബന്ധിച്ചുള്ള ഡൈനിംഗ്ഹാളില്‍ നടക്കും. സെക്ടര്‍തല പാചക മത്സര വിജയികളുടെ പാചകമത്സരം,   പോഷകാഹാര പ്രദര്‍ശനം,  ബോധവത്ക്കരണ ക്ലാസ്,  'മാറിയ ഭക്ഷണ രീതിയും ജീവിതശൈലീ രോഗങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ എന്നിവ സംഘടിപ്പിക്കും.

അവലോകന യോഗം

കൊച്ചി: എറണാകുളം ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളിലെ പ്രതിനിധികളുടെ   ഒന്നാം അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തന അവലോകന യോഗം എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു. കേരള ഫീഡ്‌സിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. 

ഗ്രാമീണ ക്ഷീരമേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള അവസരമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ക്ഷീര മേഖലയില്‍ പുനരുദ്ധാരണം നടത്തേണ്ടതിന്റെയും നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ക്ഷീര മേഖലയിലെ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും ജില്ലാ ഭരണകൂടം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയാനന്തരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കറവപ്പശുവിതരണം നടത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള പ്രതേ്യക ഭേദഗതി ഈ വര്‍ഷത്തേക്ക് മാത്രമായി നിജപ്പെടുത്തരുതെന്നും ഈ വര്‍ഷം ഫണ്ട് കണ്ടെത്താനാവാത്ത വിവിധ പഞ്ചായത്തുകള്‍ ഉള്ളതിനാല്‍ വരും വര്‍ഷങ്ങളിലേക്ക് കൂടി (2019-20) അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് യോഗംഅഭ്യര്‍ത്ഥിച്ചു.

പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയാനന്തര പുനരധിവാസ പദ്ധതിയെക്കുറിച്ചും ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് വിശദീകരിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ വൈറ്റില ക്ഷീര വികസന ഓഫീസര്‍ ജാക്വിലിന്‍ ഡൊമനിക് അവതരിപ്പിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍ പി.എം. സുഷമ വിശദീകരിച്ചു. 

പ്രളയ ബാധിത ക്ഷീര കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ വേണ്ടി ആരംഭിച്ച സ്‌നേഹസ്പര്‍ശം പദ്ധതിയെക്കുറിച്ച് കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. 

ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുള്‍  എം.എം. കബീര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജ്ജ്, വെറ്ററിനറി ഡോക്ടര്‍ അനുരാജ്, കേരള ഫീഡ്‌സ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സുധീര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ റോസ്‌മേരി, പാറക്കടവ് സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ ട്രീസ തോമസ്, ക്ഷീരവികസന വകുപ്പ് ഉദേ്യാഗസ്ഥര്‍, ജില്ലയിലെ വിവിധ ക്ഷീര സംഘം  പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ലഘുലേഖ വിതരണം ചെയ്തു. 

 

 

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കേരളപ്പിറവി ആഘോഷിച്ചു

 

ആലങ്ങാട്: കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ 68-ാമത് വര്‍ഷം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് ഓഫീസില്‍ നടന്ന പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു ഉദ്ഘാടനം ചെയ്തു. കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഭരണഭാഷ സമ്മേളനം ചേര്‍ന്നു. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. ജെ. ഡെയ്‌സി പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. 

 

കൂടാതെ  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാ കേന്ദ്രത്തിന്റെ കീഴില്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പത്ത് പേരാണ് അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഏറ്റവും മുതിര്‍ന്ന പഠിതാവായ 72 വയസുള്ള ഐഷ കുഞ്ഞിനെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് ജീവനക്കാര്‍, സാക്ഷരത പ്രേരക്മാര്‍, അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ച പഠിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

 

കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ ബസ്സ് സര്‍വ്വീസ് ആരംഭിച്ചു

 

കൊച്ചി:  മൂവാറ്റുപുഴയിലെ  ആയവന ഗ്രാമ പഞ്ചായത്ത് തോട്ടഞ്ചേരി നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി കെ.എസ്.ആര്‍.ടി.സി.യുടെ സ്പെഷ്യല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. ബസ് സര്‍വീസിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.  

 

കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ തോട്ടഞ്ചേരി തൂക്കുപാലം ഒലിച്ച് പോയിരുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി കെല്‍ വിദഗ്ദ്ധ സംഘം തയ്യാറാക്കിയ രൂപരേഖയും, എസ്റ്റിമേറ്റും ഗ്രാമവികസന കമ്മീഷണറുടെ പരിഗണനയിലാണ്. തൂക്കുപാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനാണ് രാവിലെയും വൈകിട്ടും കെ.എസ്.ആര്‍.ടി.സി.സ്പെഷ്യല്‍സര്‍വ്വീസ് നടത്തുന്നത്

 

എല്‍ദോ എബ്രഹാം എം.എല്‍.എ യുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക്  നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്  തോട്ടഞ്ചേരിയ്ക്ക് സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് അനുവദിച്ചത്. കേരള പിറവി ദിനത്തില്‍ രാവിലെ മുതല്‍  ആണ് ബസ്സ് സര്‍വ്വീസ് ആരംഭിച്ചത്. രാവിലെ 7.10ന് മൂവാറ്റുപുഴയില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് ആയവന തോട്ടഞ്ചേരിയില്‍ എത്തുകയും അവിടെ നിന്നും 7.40ന് മൂവാറ്റുപുഴയിലേയ്ക്ക് തിരിച്ചും സര്‍വ്വീസ് നടത്തും. വൈകിട്ട് 5.40ന് മൂവാറ്റുപുഴയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുകയും 6.20ന് തിരിച്ച് പോരുന്ന രീതിയിലാണ് സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്. തൂക്കുപാലം ഒലിച്ച് പോയതോടെ ആയവന ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക കടത്ത് വള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  

                         

ആയവന ഗ്രാമ പഞ്ചായത്തിലെ തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് തോട്ടഞ്ചേരി തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്. 2002-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച തൂക്കുപാലം 16-വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇരുമ്പ് ഗേഡറുകളും, ഷീറ്റുകളും, നെറ്റും ഉപയോഗിച്ചാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്.  കാരിമറ്റം, തോട്ടഞ്ചേരി പ്രദേശത്ത്കാര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥത്തേയ്ക്കും, ചേലച്ചുവട്-കൊച്ചി ദേശീയ പാതയിലേയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും, കാലാമ്പൂര്‍, കടുംപിടി പ്രദേശത്ത് കാര്‍ക്ക് രണ്ടാര്‍കര, തൊടുപുഴ-മൂവാറ്റുപുഴ റോഡിലേയ്ക്ക് എത്തിച്ചേരുന്നതിനും തൂക്കു പാലം ഏറെ പ്രയേജനകരമായിരുന്നു.   പാലം ഒലിച്ചുപോയതോടെ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഏറെ ദുരിതത്തിലായിരുന്നു.

 

കോതമംഗലം മണ്ഡലത്തില്‍ 'ശുഭയാത്ര' പദ്ധതിക്ക് തുടക്കമായി

 

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള 'സുരക്ഷിത യാത്രാ ശുഭയാത്രാ പദ്ധതിക്ക് തുടക്കം. മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്ന് സ്‌കൂളുകള്‍ക്ക്  ബസ്സുകള്‍ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്താണ് പദ്ധതി ആരംഭിച്ചത്.  

 

വാരപ്പെട്ടി പഞ്ചായത്തിലെ ഗവ. എല്‍. പി. എസ് കോഴിപ്പിള്ളി, പിണ്ടിമന പഞ്ചായത്തിലെ ഗവ യു. പി. എസ് ചെങ്കര, ഗവ യു. പി. എസ് ചേലാട് എന്നീ സ്‌കൂളുകള്‍ക്കാണ് ഇപ്പോള്‍ ബസ്സ് അനുവദിച്ചിരിക്കുന്നത്. തുടര്‍ന്നും പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ ആവശ്യമുള്ള വിവിധ സ്‌കൂളുകളിലും സ്‌കൂള്‍ ബസ്സുകളുടെ സേവനം ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു. പൊതു വിദ്യാഭ്യസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ കൂടുതലായി ആശ്രയിക്കുന്ന  സ്‌കൂളുകളിലാണ്  ബസ്സുകള്‍ അനുുവദിച്ചത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാകും. കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്കെത്തുവാന്‍ ഇതു പ്രേരണയാകും. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വിവിധ സ്‌കൂളുകളിലായി നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ നിര്‍മ്മല മോഹനന്‍, ജെയ്‌സണ്‍ ദാനിയേല്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,എ എസ് ബാലകൃഷ്ണന്‍, ബിജു പി നായര്‍, അരുണ്‍ വി കുന്നത്ത്, പി.വി. മോഹനന്‍, ഡയാന നോബി, ഹെഡ്മിസ്ട്രസ്മാരായ റ്റി. എസ്. ഷൈല, ലൗലി ജോസഫ്, സുലേഖ കെ.എ, പി. റ്റി.എ പ്രസിഡന്റുമാരായ അനീഷ് തങ്കപ്പന്‍, സിജു ലൂക്കോസ്, എന്‍. വി. ബിനോയി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എസ്. എം. അലിയാര്‍ ബി പി ഒ, എം പി റ്റി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

തൊഴില്‍ തര്‍ക്കം പരിഹരിച്ചു

 

കൊച്ചി: കെ.എസ്.ഇ.ബി 220 /110 കെ.വി ടവര്‍ നിര്‍മാണത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. കെഎസ്ഇബിയുടെ പവര്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി സാധന സാമഗ്രികള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കൂലി നിശ്ചയിച്ച് തരണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എം.വി. ഷീലയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്ക പരിഹാര കമ്മിറ്റി അംഗങ്ങള്‍, കോണ്‍ട്രാക്ടര്‍, ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കെഎസ്ഇബി എന്നിവയുമായി നടത്തിയ ചര്‍ച്ചയില്‍ കെഎസ്ഇബി ഉന്നയിച്ച ആവശ്യപ്രകാരമുള്ള കയറ്റിറക്ക് കൂലി നിശ്ചയിച്ചു.

 

ഗാല്‍വനൈസ്ഡ് ആങ്കിള്‍ അയേണ്‍ (ടവര്‍ നിര്‍മാണത്തിനുള്ള സാധനങ്ങള്‍) താഴേക്ക് തട്ടി ഇടുന്നതിന് ടണ്ണിന് 360 രൂപയും കയറ്റുന്നതിന് ടണ്ണിന് 370 രൂപയുമായി നിശ്ചയിച്ചു. അലുമിനിയം കണക്ടര്‍ ഇറക്കുന്നതിന് ടണ്ണിന് 200 രൂപയും, ഇന്‍സുലേറ്റര്‍, ഇന്‍സുലേറ്റര്‍ ഫിക്‌സിംഗ് ബോക്‌സ് എന്നിവ ഇറക്കുന്നതിന് ഒന്നിന് അഞ്ച് രൂപയുമാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സാധനങ്ങള്‍ക്ക് ജില്ലയില്‍ ഇപ്പോള്‍ നിലവിലുള്ള കൂലിപ്പട്ടിക ബാധകമാണ്. സുരക്ഷാ ഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് കോണ്‍ട്രാക്ടര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. ക്ഷേമനിധി ബോര്‍ഡിന് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് സാധനങ്ങള്‍ ഇറക്കുന്നതെങ്കില്‍ കൂലിയായി നല്‍കുന്ന തുക ബോര്‍ഡില്‍ കെട്ടിവയ്ക്കണം. 2020 മാര്‍ച്ച് 31 വരെയാണ് ഈ കരാറിന്റെ കാലാവധി.

 

കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജു കെ. ഉമ്മന്‍, പ്രൊജക്റ്റ് മാനേജര്‍ ചന്ദ്രശേഖര്‍ വി, ക്ഷേമ ബോര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ പി.വി. സിസിലി, തര്‍ക്ക പരിഹാര കമ്മിറ്റി അംഗം ബി. ചന്ദ്രമോഹന്‍, പി.പി. അലിയാര്‍ (ഐഎന്‍ടിയുസി), സി.വി. ശശി (എ.ഐ.ടി.യു.സി), എം.എ. മോഹനന്‍ (സി.ഐ.ടി.യു), കെ.എ. പ്രഭാകരന്‍ (ബി.എം.എസ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

കേരളപ്പിറവി ദിനാഘോഷം: അങ്കമാലിയില്‍ പുസ്തകോത്സവം ആരംഭിച്ചു

 

അങ്കമാലി:  ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത്  കേരളപ്പിറവിയോടനുബന്ധിച്ച് മൂന്ന് ദിവസത്തെ പുസ്തോകത്സവം ആരംഭിച്ചു. പി.എസ്.സി മുന്‍ചെയര്‍മാന്‍ ഡോ.കെഎസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

മനുഷ്യന്റെ വ്യക്തിത്വവും സംസ്‌ക്കാരവും രൂപപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്നുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.കെഎസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതരഭാഷകള്‍ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മലയാളികളുടെ വ്യക്തിത്വവികാസം മലയാളത്തിലൂടെ മാത്രമേ സാദ്ധ്യമാകുവെന്നും അദ്ദേഹം പറഞ്ഞു.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാജു ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യര്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് സ്‌കില്‍സ് എക്സലന്‍സ് സെന്റര്‍  കണ്‍വീനര്‍  ടി.എം. വര്‍ഗ്ഗീസ്, റൈറ്റേഴ്സ് ഫോറം ഡയറക്ടര്‍ ടോം ജോസ്, സ്ഥിരം സമിതി  അദ്ധ്യക്ഷന്മാരായ ടി.പി ജോര്‍ജജ്, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, സിജു ഈരാളി, എ.എ സന്തോഷ്, എല്‍സി വര്‍ഗ്ഗീസ്, സാഹിത്യകാരന്മാരായ മോഹന്‍ ചെറായി, എ.സെബാസ്റ്റിയന്‍, കെ.വി.എസ് സാബു, ജോംജി ജോസ്, മാത്യൂസ് മഞ്ഞപ്ര, ജോര്‍ജ്ജ് കൊക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 

 

      പുസ്തകോത്സവം ഇന്നും നാളെയും (വെള്ളി, ശനി) തുടരും. ഇന്ന് (വെള്ളി) വൈകീട്ട് 5.30 ന് എ. സെബാസ്റ്റിയന്‍ രചിച്ച 'അവര്‍ നടന്നു കയറുമ്പോള്‍' എന്ന നോവല്‍ സംസ്‌കൃത സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ. വത്സലന്‍ വാതുശ്ശേരി പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.ടി പോള്‍ അധ്യക്ഷത വഹിക്കും.

 

 

എയ്‌റോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ ഒഴിവ്

 

കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സ്ഥാപനത്തില്‍ വിമുക്തഭടന്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന എയ്‌റോ മോഡലിംഗ് ഇന്‍സ്‌പെക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത സര്‍വകലാശാല ബിരുദം, 'സി' സര്‍ട്ടിഫിക്കറ്റ് എന്‍.സി.സി എയര്‍വിംഗ്, എയ്‌റോ മോഡലിംഗ് സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതിനുളള വൈദഗ്ധ്യം, ഇംഗ്ലീഷ് എഴുതുവാനും, സംസാരിക്കാനുമുളള കഴിവ്, വിമാന മാതൃകകള്‍ നിര്‍മ്മിക്കുന്നതിനുളള പ്രായോഗിക പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. വിമുക്ത ഭടന്മാരുടെ അഭാവത്തില്‍ യോഗ്യതയുളള ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. പ്രായം 2018 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 27,800. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 27-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുണം.

 

ഇടക്കൊച്ചി ഫിഷ്ഫാമില്‍ നൂതന ഓഫീസും കോട്ടേജുകളും ഭക്ഷണശാലയും നിര്‍മ്മിക്കും

 

കൊച്ചി: ഇടക്കൊച്ചി ഫിഷ്ഫാമില്‍ ഓഫീസ് സംവിധാനവും സെയില്‍സ് ഔട്ട്‌ലെറ്റും സ്റ്റോറേജ് ഫെസിലിറ്റിയും കോട്ടേജുകളും ഭക്ഷണശാലയും നിര്‍മ്മിക്കുന്നതിനും ഫിഷ്‌പോണ്ടിലേക്ക് കയറുന്നതിനായുളള സംവിധാനം  ഒരുക്കുന്നതിനും ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ യുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ഇടക്കൊച്ചി കായലില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ അഡാക്ക് നിര്‍വഹണ ഏജന്‍സിയായാണ് ഫിഷ്ഫാം പ്രവര്‍ത്തിക്കുന്നത്. 27 ഏക്കറോളം സ്ഥലത്ത് 12 കോടി രൂപ മുടക്കി എട്ട് പോണ്ടുകളാണ് നിര്‍മ്മിച്ചിട്ടുളളത്. ആഴ്ചയില്‍ ഒരു ദിവസം കരിമീനും പൂമീനിന്റെയും വില്പന ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ മീന്‍ വാങ്ങിക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നും എത്താറുണ്ട്. എന്നാല്‍ വില്പനയ്ക്കായി സംവിധാനം  ഒരുക്കിയിട്ടില്ലാത്തതിനാല്‍ വഴിയിലിട്ട് വില്‍ക്കേണ്ട സാഹചര്യമാണ്. ഫിഷ്‌പോണ്ടിലേക്ക് കയറുന്നതിനും സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് ഒരു സെയില്‍സ് ഔട്ട്‌ലെറ്റും സ്റ്റോറേജ് ഫെസിലിറ്റിയും ഒരുക്കുന്നത്. 

മൂന്ന് ഏക്കറോളം വരുന്ന ചെട്ടിപാടം പാടശേഖരത്തിന്റെയും വേമ്പനാട് കായലിന്റെയും ചീനവലകളുടെയും സാമീപ്യം നല്‍കുന്ന മനോഹാരിതയും ഗ്രാമീണ ഭംഗിയം ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാരസാധ്യതയും ഫിഷ് ഫാമിന്റെ വാണിജ്യ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. ഫാമിന്റെ വരമ്പിനോട് ചേര്‍ന്ന് കോട്ടേജുകളും ഭക്ഷണശാലയും നിര്‍മ്മിച്ചാല്‍ ഇവിടെ എത്തി ചേരുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും കായല്‍ വിഭവങ്ങള്‍ ഉപയോഗിച്ചുളള ഭക്ഷണം കഴിക്കുന്നതിനും കായല്‍ യാത്ര, ചൂണ്ടയിടല്‍ ഉള്‍പ്പെടെയുളള വിനോദസഞ്ചാര സാധ്യതകള്‍ വിനിയോഗിക്കാനും സാധിക്കുന്നതാണ്. കൂടാതെ വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നതോട കുമ്പളങ്ങി ടൂറിസം വില്ലേജിലേക്ക് ഈ വഴി ബോട്ട് സര്‍വീസ് ആരംഭിക്കാവുന്നതാണെന്നും എംഎല്‍എ പറഞ്ഞു. 

date