സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നുവെന്ന് മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ഏകദേശം 45% കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ്. അംഗീകാരമുള്ള കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.
കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. ഏത് സാഹചര്യത്തിലാണ് കിഴിവ് ആവശ്യമായി വരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും പലർക്കും അതേപ്പറ്റി ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. കേന്ദ്രസർക്കാരിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്.സി.ഐ. നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയർ ആവറേജ് ക്വാളിറ്റി (എഫ്.എ.ക്യു) പാലിക്കുന്ന നെല്ലേ എടുക്കാൻ പാടുള്ളൂ.
നെല്ലിൽ ബാഹ്യഘടകങ്ങളുടെ സാന്നിധ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജൈവം - 1%, അജൈവം - 1%, കേടായത്/മുളച്ചത്/കീടബാധയേറ്റത് - 4%, നിറം മാറിയത് - 1%, പതിര് - 3%, താഴ്ന്ന ഇനങ്ങളുടെ കലർപ്പ് - 6%, ഈർപ്പം - 17% എന്നിങ്ങനെയാണ് പരിധി. അതിലപ്പുറം ബാഹ്യഘടകങ്ങളുള്ള നെല്ല് സംഭരിക്കേണ്ടതില്ല എന്നാണ് കേന്ദ്രനിർദ്ദേശം. കുട്ടനാട് പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഈയളവിൽ കവിഞ്ഞ് ബാഹ്യഘടകങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംസ്ഥാന സർക്കാർ സംഭരിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
മുഴുവൻ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ഈ നിബന്ധനകളെ മറികടക്കുന്നതിനായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളത്. മുൻവർഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വർഷം യാതൊരു കിഴിവുമില്ലാതെ സംഭരിക്കണമെന്ന് കർഷ്‌കരുടെ പേരിൽ ചിലർ തെറ്റായ സമ്മർദ്ദം ചെലുത്തുകയാണ്.
തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കളക്ടർമാർ ഉൾപ്പെടെ അപ്പപ്പോൾ ഇടപെടുന്നുണ്ട്. കോട്ടയം തിരുവാർപ്പ് ജെ-ബ്ലോക്കിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും താനും ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മർദ്ദം ചെലുത്തുകയും കർഷകരെ വഴിതെറ്റിക്കുകയുമാണ് ചിലർ ചെയ്യുന്നത്.
കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിർണ്ണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാനമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇപ്രകാരം നിർണ്ണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.
പി.എൻ.എക്സ് 1477/2025
- Log in to post comments