Skip to main content

അയ്യപ്പൻചേരി - പുത്തനങ്ങാടി റോഡ് നിർമ്മാണത്തിന് തുടക്കം

 

*മന്ത്രി പി പ്രസാദ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു 

 

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻചേരി - പുത്തനങ്ങാടി റോഡ് നിർമ്മാണത്തിന് തുടക്കമായി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. നാടിൻ്റെ പുരോഗതിക്ക് പരമാവധി തുക കണ്ടെത്തി പൊതുജനങ്ങളെ ചേർത്തുനിർത്തി വികസനം സാദ്ധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആസ്ഥിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നതെന്നും റോഡിന്റെ പൂർത്തീകരണത്തിനായി 32 ലക്ഷം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

15 ലക്ഷം രൂപ ചെലവഴിച്ച് പാട്ടുകുളങ്ങര - പാലവേലിൽ റോഡ് ഇതിനോടകം നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ പുത്തനമ്പലം - അയ്യപ്പൻചേരി ക്ഷേത്രക്കുളങ്ങളുടെ നവീകരണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും, ലൂഥർ കവല - അയ്യപ്പഞ്ചേരി കവല റോഡിൻ്റെ ബി.സി ഓവർ ലേ നിർമാണം എന്നിവയ്ക്ക് മതിയായ ഫണ്ട് അനുവദിച്ച് നടപടി പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചു കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലെ 20 അങ്കണവാടികൾ സ്മാർട്ടാക്കുന്നതിൽ കഞ്ഞിക്കുഴിയിലെ മൂന്നെണ്ണം നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്. കഞ്ഞിക്കുഴി കൃഷിഭവൻ സ്മാർട്ടാക്കുന്നതിനായി ഒരു കോടി 42 ലക്ഷം രൂപ അനുവദിച്ച് പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഉദ്ഘാടന പരിപാടിയിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ജിത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ സുരജിത്ത്, പി തങ്കച്ചൻ, സി സുധീർകുമാർ, അയ്യപ്പൻചേരി ദേവസ്വം പ്രസിഡൻ്റ് എൻ ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ ജി വേണുഗോപാൽ, വാർഡ് വികസനസമിതി കൺവീനർ എൻ പി ധനുഷ്, എസ്എൻഡിപി ശാഖായോഗം പ്രസിഡൻ്റ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

date