Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനം, മാനവിക ശേഷി വികസനം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി സംസ്ഥാന ഫിഷറീസ് വകുപ്പും സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണും (സാഫ്) എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും സഹകരണത്തോടെ ശനിയാഴ്ച രാവിലെ 9 മുതല്‍ ഒരു ഉച്ചയ്ക്ക് മണിവരെ ഇടക്കൊച്ചി ജ്ഞാനോദയം പബ്ലിക് സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ നിര്‍വഹിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രതിഭ അന്‍സാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

 

ഗൈനക്കോളജി, നേത്രരോഗം, ശിശുരോഗം, ത്വക്ക് രോഗവിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഷയങ്ങളില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രഗത്ഭരായ മുപ്പത്തിയഞ്ചോളം ഡോക്ടര്‍മാരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്‍കി. എറണാകുളം ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ഇടക്കൊച്ചി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. മരുന്നുകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച 204 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. 52 പേര്‍ക്ക്  ക്യാമ്പിന്റെ ഭാഗമായി അമൃത ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കും. ദന്തരോഗ വിഭാഗത്തില്‍ 132 പേരെ തുടര്‍ചികിത്സക്കായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

 

എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.ജെ ബെയ്‌സിന്‍, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീലു എം.എസ്, ഇടക്കൊച്ചി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. തോമസ് മാത്യു, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്ധ്യാമോള്‍ കെ.ബി, ജ്ഞാനോദയം സഭ പ്രസിഡന്റ് എ.ആര്‍ ശിവജി, ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റര്‍  എം.ജെ ജയന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉഷ പി.കെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

കിഴുക്കാവ് തോടിന്റെ കൈവരി നിര്‍മ്മാണം തുടങ്ങി

 

കൊച്ചി: അപകടങ്ങള്‍ തുടര്‍ക്കഥയായ മൂവാറ്റുപുഴ  ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലെ കിഴുക്കാവ് തോടിന്റെ കൈവരി നിര്‍മ്മാണത്തിന് തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.60 ലക്ഷം രൂപ ഉപയോഗിച്ചാണ് കൈവരി നിര്‍മിക്കുന്നത്. കൈവരി നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.

 

മൂവാറ്റുപുഴയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലെ കിഴുക്കാവ് തോടിന് കൈവരില്ലാത്തത് പല   അപകടങ്ങള്‍ക്കും കാരണമായിരുന്നു. നിരവധി വാഹനങ്ങള്‍ ആണ് ഈ ബൈപാസ് റോഡ് വഴി ദിനംപ്രതി കടന്ന് പോകുന്നത്. രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങള്‍ മിക്കവാറും നടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബൈക്കിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി തോട്ടിലേയ്ക്ക് വീണ് മരിച്ചിരുന്നു. ഇതിന് പുറമേ പ്രഭാത സവാരിക്കാരും, സ്‌കൂള്‍ കുട്ടികളടയ്ക്കം നിരവധിയാളുകള്‍ കാല്‍നടയാത്രയ്ക്ക് മറ്റും ബൈപാസിനെ ആശ്രയിക്കുന്നുണ്ട്. 

 

കിഴുക്കാവ് തോടിന് കുറുകെയുള്ള പാലത്തിന് കൈവരി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.60-ലക്ഷം രൂപ അനുവദിച്ചത്. സ്റ്റീല്‍ ഗാര്‍ഡര്‍ ഉപയോഗിച്ചാണ് കൈവരി നിര്‍മിക്കുന്നത്.  

 

നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, പി.പി.നിഷ, മേഖല പൗരസമിതി പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

അങ്കമാലി പുസ്തകോത്സവം സമാപിച്ചു

 

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പുസ്തകോത്സവം സമാപിച്ചു.

സമാപനസമ്മേളനം  സംസ്‌കൃത സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എന്‍. തുളസീധരന്‍, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍•ാരായ അഡ്വ. ആര്‍ ശ്രീധരന്‍ പിള്ള, ലോറന്‍സ് ബാബു, ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, സ്‌കില്‍സ് എക്സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം വര്‍ഗ്ഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി റാഫേല്‍, വനജ സദാനന്ദന്‍, കെ.പി ഗോവിന്ദന്‍, പി.കെ അച്ചുതന്‍, എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസം, വായന, കവിത പാരായണം, പ്രസംഗ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച എ.വി. പ്രദീപ്, ജെമന്തി ജോസ്, എം.ജെ. സിജി, പ്രിയ ആന്റണി എന്നിവര്‍ക്ക് രജിസ്ട്രാര്‍ ടി.പി രവീന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ഇതോടനുബന്ധിച്ച് ഭവനങ്ങളെ എങ്ങിനെ വായനശാലകളാക്കാം എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്സ് ഫോറം ഡയ്റക്ടര്‍ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സിസിലി ജോയി പ്രബന്ധം അവതരിപ്പിച്ചു.

 

ക്ഷീര സാന്ത്വനം'

'ക്ഷീര കര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി'

 

കൊച്ചി: ക്ഷീരകര്‍ഷകര്‍ക്കും കുടുബാംഗങ്ങള്‍ക്കും വേണ്ടി ക്ഷീര വികസന വകുപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ 2017 ഒക്‌ടോബര്‍ 1-ാംതീയതി മുതല്‍ 2018 സെപ്തംബര്‍ 30 വരെ കുറഞ്ഞത് 90 ദിവസം അഥവാ 250 ലിറ്റര്‍ പാലളന്ന ക്ഷീര കര്‍ഷകന്‍ അയാളുടെ ജീവിത പങ്കാളി, 25 വയസ്സ് പൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍, കര്‍ഷകന്റെ കറവുമാടുകള്‍, ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത്. പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്. ആരോഗ്യ സുരക്ഷ പോളിസി, അപകട സുരക്ഷ പോളിസി, ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി, ഗോസുരക്ഷ പോളിസി എന്നിവയിലൂടെയാണ് കര്‍ഷകര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നത്. 

ആരോഗ്യ സുരക്ഷ പോളിസിയനുസരിച്ച് 80 വയസ്സ് വരെ പ്രായമുള്ള ക്ഷീര കര്‍ഷകര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കുമായി 1,00,000/- രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കും. നിലവിലുള്ള രോഗചികിത്സയ്ക്ക് 50,000/- രൂപ വരെ പരിരക്ഷയുണ്ട്. ആശുപത്രിയില്‍ കിടന്ന് ചികിത്സയ്ക്ക് മുറിവാടക, ഐസിയു ചാര്‍ജ്ജ് ഡോക്ടര്‍/നേഴ്‌സിംഗ് ചാര്‍ജ്ജുകള്‍ നിശ്ചിത ചികിത്സാ ചെലവുകള്‍ എന്നിവ ലഭിക്കുന്നതാണ്. ആശുപത്രി കിടത്തി ചികിത്സയ്ക്ക് മുമ്പും ശേഷവും ഉണ്ടാകാവുന്ന ചെലവുകള്‍ യഥാക്രമം 30-60 ദിവസങ്ങളിലേക്ക് ലഭിക്കുന്നതാണ്. 24 മണിക്കൂര്‍ നേരമെങ്കിലും കിടത്തി ചികിത്സ നടത്തേണ്ട അസുഖങ്ങള്‍ക്കാണ് ഇപ്രകാരം പരിരക്ഷ ലഭ്യമാകുന്നത്. നിശ്ചിത നെറ്റ് വര്‍ക്ക് ഹോസ്പിറ്റലുകളില്‍ ക്യാഷ്‌ലെസ് സൗകര്യം ലഭിക്കുന്നതാണ്. എന്നാല്‍ ഡയാലിസിസ്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, കണ്ണ് ശസ്ത്രക്രിയ എന്നിവയ്ക്ക് 24 മണിക്കൂര്‍ പരിധി ബാധകമല്ല. 

അപകട സുരക്ഷ പോളിസി അനുസരിച്ച് 5,00,000/- രൂപവരെ അപകട മരണം സംഭവിക്കുന്ന പക്ഷം കര്‍ഷകന്റെ നോമിനിക്ക് ലഭിക്കുന്നതാണ്. കൂടാതെ അംഗവൈകല്യം സംഭവിച്ചാല്‍ അംഗവൈകല്യത്തിന്റെ  തീവ്രതക്കനുസരിച്ച് പോളിസി തുക ലഭ്യമാകുന്നതാണ്. അപകടം മൂലം അംഗം മരണപ്പെടുകയോ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 25 വയസ്സുവരെയള്ള ഈ പദ്ധതിയില്‍പ്പെടുത്തിയ കുട്ടികള്‍ക്ക് പരിരക്ഷ തുകയുടെ 50% പരമാവധി 50,000/- രൂപ വരെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നതാണ്. 

ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് 18 മുതല്‍ 50 വയസ് വരെ 18 മാസത്തേക്ക് കവറേജ് ലഭിക്കുന്നതാണ്. ഇവര്‍ക്ക് അപകട മരണത്തിന് 4,00,000/- രൂപയും സ്വാഭാവിക മരണത്തിന് 2,00,000/- രൂപയും ലഭിക്കുന്നതാണ്. 51 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് കവറേജ് ഒരു വര്‍ഷവും, 1,00,000/- രൂപയുമാണ്. പോളിസി തുടങ്ങി 45 ദിസത്തിന് ശേഷം മാത്രമാണ് പരിരക്ഷ ലഭിക്കുന്നത്. എന്നാല്‍ അപകടമരണം പോളിസി കവറേജ് ആദ്യം മുതല്‍ ലഭ്യമാണ്. 

ഗോസുരക്ഷ പോളിസി ഒരു വര്‍ഷത്തേക്കുള്ളതാണ്. പശുചത്തുപോവുകയാണെങ്കില്‍ 100% പരിരക്ഷയും കറവ ഇല്ലാതാവുകയോ വന്ധ്യത സംഭവിക്കുകയോ ചെയ്താല്‍ 75% പരിരക്ഷയും പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം ടി രോഗം വന്ന് പശുചത്തുപോയാല്‍ ആയതിനും പരിരക്ഷ ലഭ്യമാണ്. 50,000/- രൂപ വിലയുള്ള പശുവിന് 1668/- രൂപയും 60,000/- രൂപയുടേതിന് 2001/- രൂപയും പ്രീമിയം അടവാക്കേണ്ടതാണ്. 

ക്ഷീര വികസന വകുപ്പ്, ക്ഷീര കര്‍ഷക ക്ഷേമനിധി, മില്‍മയുടെ മൂന്ന് റീജിയണല്‍ യൂണിയനുകള്‍, സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവ പങ്കാളികളായുള്ള സംയുക്ത സംരംഭമായ 'ക്ഷീരസാന്ത്വനം' 2018 നവംബര്‍ 26 ാം തീയതി മുതല്‍ നിലവില്‍വരും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

അപേക്ഷകന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 5015/- രൂപയും ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് 400/- രൂപയും, 412/- രൂപയും അപകട ഇന്‍ഷ്വറന്‍സിന് 88/- രൂപയും ഒറ്റത്തവണ പ്രീമിയം അടവാക്കേണ്ടതാണ്. 

ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ പങ്കാളികള്‍ അനുവദിക്കുന്ന അര്‍ഹമായ ധനസഹായം മേല്‍പറഞ്ഞ തുകയില്‍ കുറവ് ചെയ്ത് ബാക്കി തുക അടച്ചാല്‍ മതി. 

എറണാകുളം ജില്ലയില്‍ പദ്ധതിയനുസരിച്ച് അര്‍ഹതയുള്ള എല്ലാ ക്ഷീരകര്‍ഷകരും നവംബര്‍ 10 ന് മുമ്പായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിച്ച് പദ്ധതിയില്‍ അംഗമാകാവുന്നതാണ്. 

date