Skip to main content

വൈകല്യങ്ങളെ അതിജീവിച്ച് മുപ്പത്തിയൊമ്പതുകാരി ബിന്ദു ഭാസ്‌കരന്‍ സാക്ഷരയായി

 

 

അങ്കമാലി: ജീവിതത്തിലെന്നെങ്കിലും എഴുതാനും വായിക്കാനും കഴിയണമെന്ന പ്രത്യാശ സഫലമായതിന്റെ സന്തോഷത്തിലാണ് മലയാറ്റൂര്‍ കോളനിപ്പടി സ്വദേശി ബിന്ദു ഭാസ്‌കരന്‍. ജ•നാല്‍ ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത ബിന്ദുവിന് തന്റെ വൈകല്യങ്ങള്‍ മൂലം അക്ഷരാഭ്യാസത്തിന് അവസരം ലഭിച്ചിട്ടില്ല. അംഗനവാടിയിലോ സ്‌കൂളിലോ പോയിട്ടില്ല. കഴിഞ്ഞ മുപ്പതൊമ്പത് വര്‍ഷവും പിറന്ന വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയ ബിന്ദുവിന് എഴുതാനും വായിക്കാനുമറിയില്ലെന്ന വിവരം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ അക്ഷരലക്ഷം സര്‍വ്വേയിലൂടെയാണ് വെളിപ്പെട്ടത്.

കേരളത്തിലെ മുഴുവന്‍ നിരക്ഷരരെയും സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ച അക്ഷരലക്ഷം സാക്ഷരതാ പരിപാടിയുടെ ഭാഗമായി  മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ലില്ലി ജോസ് ബിന്ദുവിന്റെ വീട്ടിലെത്തി എഴുതാനും വായിക്കാനും പഠിപ്പിക്കുകയായിരുന്നു. ആര്‍ത്തിയോടെ അക്ഷരങ്ങള്‍ പഠിച്ച ബിന്ദുവിന് ഇപ്പോള്‍ മലയാളം ഭാഷയില്‍ സുഗമമായി എഴുതാനും വായിക്കാനും കഴിയും. സാക്ഷരതാമിഷന്‍ അക്ഷരലക്ഷം പരീക്ഷയില്‍ പങ്കെടുത്ത ബിന്ദു വിജയം വരിക്കുകയും ചെയ്തു.

അക്ഷരലക്ഷം പരീക്ഷ പാസ്സായ  ബിന്ദുവിന് തുടര്‍ന്ന് പഠിക്കാന്‍ ഉത്സാഹം. സാക്ഷരതാമിഷന്‍ നാലാംതരം തുല്യത പരീക്ഷയ്ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിരുത്തം കണ്ടത്തില്‍ ഭാസ്‌കരന്‍, ഭവാനി ദമ്പതികളുടെ ഏക മകളാണ്. പിതാവ് ഭാസ്‌കരന്‍ നേരത്തെ മരിച്ചു. മാതാവ് ഭവാനിയാണ് ബിന്ദുവിന് ഏക ആശ്രയം. വീട്ടില്‍ ചെറിയ പെട്ടിക്കട കച്ചവടം നടത്തിയാണ് ഭവാനി കുടുംബം പുലര്‍ത്തുന്നത്.

അക്ഷരലക്ഷം പരീക്ഷ പാസ്സായ ബിന്ദുവിന് സാക്ഷരതാമിഷന്‍ സര്‍ട്ടിഫിക്കറ്റ് റോജി എം. ജോണ്‍ എം. എല്‍. എ. നല്‍കി. ബിന്ദുവിനോടൊപ്പം അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെ 12 സെന്ററുകളില്‍ പരീക്ഷയെഴുതിയ 141 പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.

കേരളപിറവിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു.  പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍  കണ്‍വീനര്‍  ടി.എം. വര്‍ഗ്ഗീസ്, സ്ഥിരം സമിതി  അദ്ധ്യക്ഷന്മാരായ ടി.പി ജോര്‍ജജ്, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, സിജു ഈരാളി, എ.എ സന്തോഷ്, എല്‍സി വര്‍ഗ്ഗീസ്, നഗരസഭ കൗണ്‍സിലര്‍ സുബ്രന്‍, സാക്ഷരതാമിഷന്‍ ജില്ല അസിസന്റ് കോ ഓഡിനേറ്റര്‍ സിംല, ബ്ലോക് പ്രേരക് പി. വി. രാധ,  എന്നിവര്‍ പ്രസംഗിച്ചു.

date