Skip to main content

കണയന്നൂര്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം  കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചു

 

 

• നഗരത്തിലെ ഹോസ്റ്റലുകളിലും ലേബര്‍ ക്യാമ്പുകളിലും  പരിശോധന ആരംഭിക്കും

 

കൊച്ചി: കായലിലും കണ്ടെയ്‌നര്‍ റോഡിലും കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പൊലീസ് നടപടി സ്വീകരിച്ചു. കണയന്നൂര്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

 

പനങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെ എല്‍ 2ജി  5842, കെ.എല്‍ 7 യു 3936, കെ.എല്‍ 39 ജെ  1071 എന്നീ വണ്ടികള്‍ കണ്ട് കെട്ടി ഡ്രൈവര്‍മാരായ പുതുവൈപ്പ് സ്വദേശി പ്രമോദ് പ്രസന്നന്‍, പുതുവൈപ്പ് സ്വദേശി സജി കരുണാകരന്‍, കുമ്പളം സ്വദേശി മസ്താന്‍ എന്നിവര്‍ക്കെതിരെയും വണ്ടി ഉടമസ്ഥരായ എളംകുളം സ്വദേശി മനോജ് വൈപ്പിന്‍ സ്വദേശി സന്തോഷ്  എന്നിവര്‍ക്കെതിരെ കേസെടുത്തു. എറണാകുളം സൗത്ത് തേവര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുവൈപ്പ് സ്വദേശി ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള  കെഎല്‍ 14 ജി 1454 ടാങ്കര്‍ ലോറി കണ്ട് കെട്ടി ഉടമസ്ഥനെതിരെയും ഡ്രൈവര്‍ ജിനു പീറ്ററിനെതിരെയും കേസെടുത്തു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആണ് കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിയ ടാങ്കര്‍ലോറി ഉടമകള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. 

പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് പി.ടി. തോമസ് എം.എല്‍.എ  കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  കോര്‍പ്പറേഷന്റെ  മാലിന്യം ശേഖരിക്കുന്ന വണ്ടികളില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നത് പതിവാണ്. കോര്‍പ്പറേഷനില്‍ മാലിന്യം ശേഖരിക്കുന്ന 97 വാഹനങ്ങളില്‍ 47 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഏഴ് റെഫ്യൂസ് കോംപാക്ട്ടറുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ മൂന്ന് മാസം മുന്‍പ് 3  റെഫ്യൂസ് വാഹനങ്ങള്‍ വാങ്ങിയെങ്കിലും ഇത് വരെ ഓടിത്തുടങ്ങിയിട്ടില്ല. 

 

നഗരത്തിലെ ഹോസ്റ്റലുകളിലും ലേബര്‍ ക്യാമ്പുകളിലും  പരിശോധന നടത്താന്‍ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലുകള്‍ക്കെതിരെയും  ഹോസ്റ്റലുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെയും  നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 

 

ജോലിക്കാരില്ലാത്തതിനാല്‍ പുല്ലേപ്പടി ശ്മശാനം പ്രവര്‍ത്തനരഹിതമാണ്. ഇപ്പോള്‍ അനാഥ ശവങ്ങള്‍ മാത്രമാണ് ഇവിടെ സംസ്‌ക്കരിക്കുന്നത്. പ്രദേശത്ത് മയക്ക് മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള പെട്ടി കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും റെയ്ഡ് നടത്താനും എക്‌സൈസ് വകുപ്പിന് കഴിഞ്ഞ വികസന സമിതി യോഗത്തില്‍  നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലുലു മാള്‍ മറൈന്‍ ഡ്രൈവ് ,  പനമ്പിള്ളി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പെട്രോളിന് നടത്തുകയും 27 അധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

തൃപ്പൂണിത്തുറ കോട്ടബാറിന്റെ പരിസരത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത വിധം ശല്യമാണ് നേരിടുന്നത്. ഇതിനെതിരെ പോലീസിന്റെ സഹായത്തോടെ നടപടി എടുക്കും.  വ്യാപകമാകുന്ന കോട്ടണ്‍ കളിക്കെതിരെ നടപടി എടുക്കാനും പോലീസിനെ സഹായത്തോടുകൂടി പരിശോധനകള്‍ ശക്തമാക്കാനും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 

 

ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് ആലുവ തൃപ്പൂണിത്തുറ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത സൗകര്യം ഒരുക്കുന്നതിന് ആര്‍ ടി ഒക്ക് നിര്‍ദ്ദേശം നല്‍കി. റീസര്‍വേയില്‍ വന്ന തെറ്റ് മൂലം  വാഴക്കാല വില്ലേജ് താമസിക്കുന്ന അന്നക്കുട്ടി, ജോണ്‍സണ്‍, പത്മനാഭന്‍ എന്നിവരുടെ സ്ഥലം പുറമ്പോക്ക് ആയി പ്രഖ്യാപിച്ച് പട്ടയം നല്‍കണമെന്ന്  എംഎല്‍എ ആവശ്യപ്പെട്ടു.  കൂടാതെ തിരൂരിലുള്ള ദേവ•ാരുടെ സര്‍വേ നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

താലൂക്കിലെ സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇടപ്പള്ളി തോട്ടിലേക്ക് പ്ലൈവുഡ് കമ്പനികളില്‍നിന്നും ഷോപ്പുകളില്‍ നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. 

 

ഇടപ്പള്ളി - അരൂര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍വീസ് റോഡുകള്‍ കാടുകയറി നശിക്കുന്നതിനെതിരെയും അനധികൃത കൈയേറ്റവും ,വാഹനപാര്‍ക്കിംഗും, സര്‍വ്വീസ് റോഡ് സ്വകാര്യ ഗോഡൗണ്‍ ആക്കുന്നതിനെതിരെ നടപടിയെടുക്കണം. കൂടാതെ നാഷണല്‍ ഹൈവേ റോഡുകളില്‍ അടഞ്ഞുകിടക്കുന്ന കനാലുകള്‍ ജെറ്റിംഗ് നടത്തി തുറക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

 

റെയില്‍ നഗര്‍  സ്‌കൈ ലൈന്‍  അപ്പാര്‍ട്ട്‌മെന്റിന് പുറകില്‍ പൈപ്പില്‍ നിന്നും മോട്ടോര്‍ വച്ച് കിണറ്റിലേക്ക് വെള്ളമടിക്കുന്നു എന്ന പരാതിയില്‍ നടപടി എടുക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.  സ്‌കൂള്‍കുട്ടികളെ ബസില്‍ കയറ്റാത്ത   സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിനും  ആര്‍. ടി. ഒക്കും നിര്‍ദ്ദേശം നല്‍കി. 

 

താലൂക്ക് വികസനസമിതി യോഗത്തില്‍ പങ്കെടുക്കാത്ത പഞ്ചായത്ത്-മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്  പ്രസിഡന്റ്മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം പ്രമേയം പാസാക്കി

 

കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തഹസില്‍ദാര്‍ പി.ആര്‍ രാധിക അധ്യക്ഷത വഹിച്ചു.  കെ എസ് ഇ ബി, എക്‌സൈസ്, തൃക്കാക്കര നഗരസഭ, പൊലീസ് , വാട്ടര്‍ അതോറിറ്റി, ഡിഎംഒ ഓഫീസ്, പിഡബ്യുഡി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date