Skip to main content

കുടുംബശ്രീ നാനോ മാര്‍ക്കറ്റ് കളക്ടറേറ്റിലും

 

 

കാക്കനാട്: പൊതുജനങ്ങളെത്തുന്ന സ്ഥാപനങ്ങള്‍ വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന നാനോ മാര്‍ക്കറ്റ് കളക്ടറേറ്റിനുള്ളിലും പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ ധാരാളമായി എത്തുന്ന ഓഫീസുകളോടു ചേര്‍ന്നുള്ള ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി കുറഞ്ഞ സ്ഥലത്ത് കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുകയാണ് നാനോ മാര്‍ക്കറ്റിലൂടെ. കുടുംബശ്രീ അംഗങ്ങളുടെ സൂക്ഷ്മ സംരംഭങ്ങള്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളാണ് ലഭ്യമാക്കുക. അച്ചാറുകള്‍, സ്‌ക്വാഷ്, സോപ്പ്, വാഷിങ് പൗഡര്‍, കറിപ്പൊടികള്‍, അരിപ്പൊടി, ലോഷനുകള്‍, കുടംപുളി തുടങ്ങിയവ ലഭിക്കും. കുടുംബശ്രീ സംരംഭത്തിലുള്‍പ്പെടുന്ന ഏത് ഉല്‍പ്പന്നവും ആവശ്യമനുസരിച്ച്  ഓരോ നാനോ മാര്‍ക്കറ്റിലും എത്തിച്ചു നല്‍കുമെന്ന സൗകര്യവുമുണ്ട്.  കളക്ടറേറ്റിലെ നാനോ മാര്‍ക്കറ്റില്‍ ഫോട്ടോസ്റ്റാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

കറിപ്പൊടികള്‍, അരിപ്പൊടി തുടങ്ങിയവ ആവശ്യാനുസരണമുള്ള തൂക്കങ്ങളില്‍ ലഭ്യമാക്കും. മായമില്ലാതെ ഇത്തരം വസ്തുക്കള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതാണ് നാനോ മാര്‍ക്കറ്റിന്റെ ആകര്‍ഷണീയത എന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.പി.ഗീവര്‍ഗ്ഗീസ് പറഞ്ഞു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇവ എവിടെ ലഭ്യമാകുമെന്ന ചോദ്യവും പതിവാണ്. എന്നാല്‍ വിവിധതരം മേളകളും മറ്റും നടക്കുമ്പോള്‍ മാത്രമേ ഇവയുടെ പ്രദര്‍ശനവും വിപണനവും നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതേത്തുടര്‍ന്നാണ് പൊതുജനങ്ങളെത്തുന്നിടത്തേക്ക് കുടുംബശ്രീ ഉല്‍പ്പന്നങ്ങളെത്തിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്. നാനോ മാര്‍ക്കറ്റുകള്‍ തുറക്കുന്നതോടെ കുടുംബശ്രീ സംരംഭകര്‍ക്ക് സ്ഥിരമായ വിപണനവും സാധ്യമാകും. പഞ്ചായത്ത്, സി.ഡി.എസ്. ഓഫീസുകളോടു ചേര്‍ന്ന് നാനോ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 76ാമത് നാനോ മാര്‍ക്കറ്റാണ് കളക്ടറേറ്റിലേത്.

 

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.പി.ഗീവര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ടി.എം.റെജീന, എസ്.രഞ്ജിനി, കെ.വിജയന്‍, കെ.ആര്‍.രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  

date