Skip to main content

പ്രളയ ദുരന്തത്തില്‍ പെട്ട പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: കെവി തോമസ്

 

 

കൊച്ചി: പ്രളയ ദുരന്തത്തില്‍പെട്ട പഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ വികസന കോ-ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിഗ് കമ്മിറ്റിയില്‍ (ദിശ) അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ എല്ലാ പ്രോജക്ടുകള്‍ക്കും കേന്ദ്രം അനുവദിച്ച മുഴുവന്‍ തുകയും ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി തദ്ദേശീയമായി തന്നെ നടപ്പിലാക്കണം. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വളരെ ഫലപ്രദമായി ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എം.പി. പറഞ്ഞു.

 

ജില്ലയില്‍ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആസൂത്രണവും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍ ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന നാഷണല്‍ അര്‍ബന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനു വേണ്ടി നവംബര്‍ 7ന് റിവ്യൂ മീറ്റിംഗ് ചേരുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ പുത്തന്‍വേലിക്കര കുന്നുകര എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 30 കോടിയുടെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി കുന്നുകര,  പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നത്. 

 

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ലൈഫ് പദ്ധതി, കുടുംബശ്രീ, പി എം ജി എസ് വൈ, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്റ് പ്രോഗ്രാം, സ്വച്ഛഭാരത് മിഷന്‍ പദ്ധതി, ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി, എന്‍ ആര്‍ ഡി ഡബ്ലിയു പി, ഗ്രാമീണമേഖലയിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, സര്‍വ്വ ശിക്ഷാ അഭിയാന്‍, ഐ സി ഡി എസ്, പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകന യോഗത്തില്‍ വിലയിരുത്തി. 

 

യോഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പ്രൊജക്ട് ഓഫീസര്‍ കെ ജി തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date