*ജില്ലയിലെ ആദ്യത്തെ പാസ്പോർട്ട് ഓഫീസ് ഇന്ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും*
ജില്ലയിലെ ആദ്യത്തെ പാസ്പോർട്ട് ഓഫീസ് ഇന്ന് (ഏപ്രിൽ 9) കല്പറ്റയിൽ പ്രവർത്തനമാരംഭിക്കും. കല്പറ്റ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് കേന്ദ്ര സഹമന്ത്രി കീർത്തി വർദ്ധൻ സിങ് നിർവഹിക്കും.
കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള കെട്ടിടത്തിലാണ് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുക. പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ അധികാരപരിധിയിലുള്ള രണ്ടാമത്തെ പാസ്പോർട്ട് സേവാ കേന്ദ്രവും രാജ്യത്തെ 447-ാമത്തെ പാസ്പോർട്ട് സേവാ കേന്ദ്രവുമായിരിക്കും ഇത്. ജില്ലയിലെ പാസ്പോർട്ട് സേവ കേന്ദ്രം മുഖേന പ്രതിദിനം 50 അപേക്ഷകർക്ക് സേവനം ഉറപ്പാക്കും. വരും ദിവസങ്ങളിൽ 120 അപേക്ഷകൾ വരെ ലഭ്യമാക്കും. പാസ്‌പോർട്ട് സേവാ പോർട്ടൽ (www.passportindia.gov.in) അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം.
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ, വയനാട് ലോക്സഭാ മണ്ഡലം എംപി പ്രിയങ്ക ഗാന്ധി, പട്ടികജാതി- പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവർ വിശിഷ്ടാതിഥികളാവും.
എംഎൽഎമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണൻ, ലിന്റോ ജോസഫ്, പി കെ ബഷീർ, എ പി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ടി ജെ ഐസക്, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കൽപ്പറ്റ മുനിസിപ്പാലിറ്റി കൗൺസിലർ സി ഷരീഫ് എന്നിവർ പങ്കെടുക്കും.
- Log in to post comments