Skip to main content

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: പ്രധാനമന്ത്രി യശസ്വി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിട

പ്രധാനമന്ത്രി യശസ്വി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാർത്ഥികൾ നേരിട്ട അനിശ്ചിതത്വം നീങ്ങിയെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഇ ഗ്രാൻ്റ് പോർട്ടലിനെ കേന്ദ്ര സർക്കാരിൻ്റെ ദേശീയ സ്കോളർഷിപ്പ് പോർട്ടലുമായി ഇൻ്റഗ്രേറ്റ് ചെയ്യുന്നതിനു സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിക്കുമെന്നു കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ വ്യക്തമാക്കി. എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്.

 

ഇ ഗ്രാൻ്റ് അപേക്ഷ സമർപ്പിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് എറണാകുളം നോർത്ത് പറവൂർ കൈതാരം സ്വദേശി സമർപ്പിച്ച ഹർജിയിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടികൾ.

 

സംസ്ഥാന പിന്നാക്ക വികസന വകുപ്പിനോട് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്റഗ്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നത് വരെ ബന്ധപ്പെട്ട സ്ഥാപന മേധാവികളുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അർഹരായ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപയാണ് സ്ക്കോളർഷിപ്പ് ലഭ്യമാകുക. 

 

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ പൊതുസ്മശാനം സ്ഥാപിക്കുന്നതിനെതിരെ അയ്യമ്പുഴ കടുകുളങ്ങര സ്വദേശി സമർപ്പിച്ച പരാതിയിൽ, ജില്ലാ കളക്ടറെ കൂടി കക്ഷി ചേർത്ത് റിപ്പോർട്ട് തേടാൻ കമ്മീഷൻ ഉത്തരവായി.

 

കടമക്കുടി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായലിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അതിര് സംരക്ഷണ ഭിത്തി നിർമിക്കുന്നത് സംബന്ധിച്ച, വടുതല സ്വദേശിയുടെ പരാതിയിൽ ചീഫ് എഞ്ചിനീയറെ (ഐ ആൻ്റ് എ) കക്ഷി ചേർക്കാൻ കമ്മീഷൻ ഉത്തരവായി. കമ്മീഷൻ ഇടപെടലിനെ തുടർന്ന് എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടും, സമയബന്ധിതമായി ഭരണാനുമതി ലഭ്യമാകാത്തതിനെ തുടർന്നാണ് ചീഫ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് തേടാൻ കമ്മീഷൻ നിർദ്ദേശിച്ചത്

 

 സിറ്റിംഗിൽ ഏഴ് പരാതികളായിരുന്നു പരിഗണിച്ചത്. ഇതിൽ ഒരെണ്ണം പൂർത്തിയാക്കി. രണ്ടെണ്ണം അവസാന ഘട്ടത്തിലാണ്. പുതുതായി രണ്ട് പരാതികളാണ് അടുത്ത സിറ്റിംഗിലേക്ക് ലഭിച്ചത്.

date