വാർഡുകൾ കേന്ദ്രീകരിച്ച് വിജ്ഞാന സേന
ഏപ്രിൽ 26ന് തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിലേക്ക് ഉദ്യോഗാർത്ഥികളെ എത്തിക്കുന്നതിന്റെ തിരക്കിലാണ് പ്രാദേശിക റിസോർട്ട് പേഴ്‌സൺമാർ അടങ്ങുന്ന വിജ്ഞാന തൃശൂരിന്റെ സന്നദ്ധസേന. തൊഴിൽരഹിതരായവരെയും മെച്ചപ്പെട്ട തൊഴിൽ അന്വേഷകരെയും കണ്ടെത്തി ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ വഴിയും ജോബ് സ്റ്റേഷൻ, ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയും രജിസ്റ്റർ ചെയ്യുന്ന പ്രവർത്തനത്തിലാണ് പതിനായിരം പേരടങ്ങുന്ന തൃശ്ശൂരിന്റെ വിജ്ഞാന സേന.
പങ്കാളിത്ത വികസനത്തിന്റെ പുത്തൻ സാധ്യതകളും, സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ജനകീയാസൂത്രണത്തിന്റെ രണ്ടാം വരവിന് കോപ്പുകൂട്ടുകയാണ് വിജ്ഞാനകേരളം തൃശൂർ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴിൽ ഉറപ്പുവരുത്തി പ്രാദേശിക തൊഴിലുകൾ മുതൽ അന്തർദേശീയ തൊഴിലുകൾ വരെ ഇവിടെ ലഭ്യമാക്കുന്നു. യുവതയുടെ കേരളം കെട്ടിപ്പടുക്കുന്നതിനായി പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള വികസന മാതൃകയിൽ മറ്റൊരു അധ്യായമാവുകയാണ് വിജ്ഞാനകേരളം.
ഐ.ടി പാർക്കുകൾ കൂടാതെ സംസ്ഥാനത്തുടനീളം ജോബ് സ്റ്റേഷനുകളും കെ ഫോൺ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പഠനത്തോടൊപ്പം ജോലി സാധ്യമാക്കുന്നതിനായി ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകളും ആരംഭിക്കുകയാണ്. വിജ്ഞാന കേരളം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 18 മുതൽ 59 വരെ വയസ്സുള്ളവർക്ക് അനുയോജ്യമായ തൊഴിൽ ഇവിടെ ലഭിക്കും. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വികസിത രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവർക്ക് അതേ നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങളും വിഭവശേഷിയും ഒരുക്കുകയാണ് സംസ്ഥാന സർക്കാർ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത് തല ജനകീയ കമ്മിറ്റി, കെ.കെ.ഇ.എം ഡിമാൻഡ് സൈഡ് മാനേജ്‌മെന്റ് ടീം, ജോബ് സ്റ്റേഷൻ, ഫെസിലിറ്റേഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി അംബാസിഡർമാർ, മോട്ടിവേറ്റേഴ്‌സ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാർ, കുടുംബശ്രീ, എൽ.ആർ.പി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ക്യുറേഷൻ, കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയ വികേന്ദ്രീകൃത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽരഹിതർ ഇല്ലാത്ത ഒരു നാട് കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിലാണ് തൃശ്ശൂരിന്റെ വിജ്ഞാന സേന.
- Log in to post comments