ശുചിത്വസാഗരം ശുചീകരണ യജ്ഞത്തെ ഏറ്റെടുത്ത് ജനം : ഒറ്റദിനം കൊണ്ട് ജില്ലയിലെ കടലോരത്ത് നിന്ന് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം
*3883 പേർ പങ്കെടുത്തു
കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത് ഒമ്പത് ടൺ മാലിന്യം. ജില്ലയിലെ 82 കിലോ മീറ്റര്‍ തീരത്ത് 71 ആക്ഷന്‍ കേന്ദ്രങ്ങളിലായി രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 3883 പേര്‍ പങ്കാളികളായി. ശേഖരിച്ച 9000 കിലോഗ്രാം പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനി, ഹരിതകർമ്മ സേന എന്നിവക്ക് കൈമാറി.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണം തീരദേശ മണ്ഡലങ്ങളിലെ എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടനം ചെയ്തു.
തോട്ടപ്പള്ളി ഹാർബറിൽ നടന്ന പരിപാടി ഹാർബറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കടലിനെ ആശ്രയിച്ചു കഴിയുന്നതെന്നും കടലിനെയും തീരത്തെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണെന്നും എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ എട്ട് പോയിന്റുകളിലായി സംഘടിപ്പിച്ച പരിപാടിയിൽ 10 കിലോമീറ്റർ കടൽത്തീരമാണ് ശുചീകരിച്ചത്. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ ഉണ്ണി, പഞ്ചായത്തംഗങ്ങളായ രാജേശ്വരി കൃഷ്‌ണൻ, ലീന രജനീഷ്, ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ സുഹൈർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ കെ ജെ ഏയ്ഞ്ചൽ അയന തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ മണ്ഡലത്തിൽ ശാസ്ത്രിമുക്കിൽ നടന്ന പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തീരദേശ ശുചീകരണം നാടിന്റെ ആവശ്യമാണെന്നും പ്രത്യേകിച്ച് മത്സ്യ മേഖലയിൽ മത്സ്യ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ ഒൻപത് കിലോ മീറ്റർ കടൽത്തീരം ശുചീകരിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ പി ഷാനവാസ്, ഫിഷറീസ് ഓഫീസർ പി എസ് സൈറസ്, എസ് ഐ മിറാഷ്, ജനപ്രതിനിധികൾ, ഹരിതകർമ്മസേന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അരൂർ മണ്ഡലത്തിലെ ചാപ്പക്കടവിൽ സംഘടിപ്പിച്ച പരിപാടി ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ താളംതെറ്റിക്കുന്ന കാലത്ത് പദ്ധതി ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ നാല് പോയിന്റുകളിലായി സംഘടിപ്പിച്ച പരിപാടിയിൽ ആറ് കിലോമീറ്റർ കടൽത്തീരമാണ് ശുചീകരിച്ചത്. കുത്തിയതോട് പഞ്ചായത്തംഗം പി പി പ്രതീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഞ്ജന സുനിൽ, ഹരിതകർമ്മസേന അംഗങ്ങൾ, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍, ക്ലീന്‍ കേരള, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
മാരാരിക്കുളം ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനാഭായ്, വൈസ് പ്രസിഡന്റ് സി സി ഷിബു, പഞ്ചായത്തംഗങ്ങളായ ജസ്സി ജോഷി, പി എ അലക്സ്, ജനറ്റ് ഉണ്ണി, ഡെപ്യൂട്ടി ഡയറക്ടർ മിലി ഗോപിനാഥ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ഹരിതകർമ്മസേന തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
ആലപ്പുഴ മുൻസിപ്പിലാറ്റിയിലെ ബിഷപ്പ് ഹൗസ് ആക്ഷൻ പോയിന്റിൽ നടന്ന ശുചീകരണം മുൻസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടന്നു.
(പി.ആര്‍/എ.എല്‍.പി/1094)
- Log in to post comments