കോതമംഗലത്തെ സംസ്ഥാന കേരളോത്സവം തങ്ക ലിപികളിൽ രേഖപ്പെടുത്തേണ്ടത് : സ്പീക്കർ എ.എൻ ഷംസീർ
*സംസ്ഥാന കേരളോത്സവത്തിന് കൊടിയിറങ്ങി
കോതമംഗലത്ത് സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന കേരളോത്സവം ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തപ്പെടുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കേരളോത്സവത്തിന്റെ സമാപന സമ്മേളനവും പ്രതിഭാ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള സംഘാടനമാണ് കാണാനായത്. ജനങ്ങളുടെ മികച്ച പങ്കാളിത്തം മേളയിൽ ഉണ്ടായി.
ഒരുതരത്തിൽ പറഞ്ഞാൽ കഴിവുകൾ ഏറെ ഉണ്ടായിട്ടും അവസരം ലഭിക്കാതെ പോകുന്നവരുടെ വേദിയാണ് കേരളോത്സവം. കലയ്ക്കും കായിക മേഖലയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന മേളയാണ് ഇത്. ഭാവിയിൽ സംസ്ഥാന സ്കൂൾ യുവജനോത്സവ - കായിക മേളകൾക്ക് സമാനമായി കേരളോത്സവവും ഉയർത്തപ്പെടണം. അങ്ങനെ വന്നാൽ കുറെ അധികം പേർ കൂടി ഈ മേളയിലേക്ക് കടന്നുവരും. ഇപ്പോൾതന്നെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വലിയ ആവേശത്തോടെയാണ് കേരളോത്സവത്തിൽ പങ്കെടുക്കാൻ യുവാക്കളെത്തുന്നത്.
ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് ഇതുപോലുള്ള കൂട്ടായ്മകൾ. വർഗീയതയും മതവിദ്വേഷത്തെയും പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇത്തരം മേളകളാണ്. ഒപ്പം ഇന്ന് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയായ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിലും വലിയ സംഭാവന ചെയ്യാൻ കേരളോത്സവത്തിന് കഴിയും. രാഷ്ട്രീയ - ഭരണ നേതൃത്വങ്ങൾ മാത്രം വിചാരിച്ചാൽ മയക്കുമരുന്ന് വ്യാപനത്തെ പിടിച്ചു കെട്ടാൻ കഴിയില്ല. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ ഒന്നായി ഇറങ്ങണം.
സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഏറെ വർദ്ധിച്ച ഒരു കാലമാണിത്. തെറ്റായ വിവരങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ച് ജനങ്ങളുടെ ചിന്തയെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്ന പ്രവണത ഇപ്പോൾ വ്യാപകമായി കാണാൻ കഴിയും. ആധുനിക ലോകത്ത് സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഒഴിവാക്കുക പ്രായോഗികമല്ല. എന്നാൽ മിതപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വേദിയായ മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രൊഡകട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം മജീദ്, മിനി ഗോപി, സിബി മാത്യു, നഗരസഭ കൗൺസിലർ ഷിബു കുര്യാക്കോസ്, യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി പ്രസന്നകുമാർ, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ എ.ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.പ്രജീഷ, വിവിധ മേഖലയിലെ പ്രതിഭകളായ പ്രൊഫ. ബേബി എം വർഗീസ്, പ്രൊഫ. പി ഐ ബാബു, റേച്ചൽ.കെ വർഗീസ്, ഡോ. വിജയൻ നങ്ങേലിൽ, ആദർശ് സുകുമാരൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments