എന്റെ കേരളം : പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് 17 മുതൽ 23 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം: പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ 13 സബ് കമ്മിറ്റികളുടെയും ചുമതലകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.
വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ജില്ലാതല അവലോകന യോഗം മെയ് 23ന് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ 12.30 വരെ നടക്കുന്ന യോഗത്തിൽ ജില്ലയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള 500 പേർ പങ്കെടുക്കും.
എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയി , ഒ.എസ്.അംബിക, വി .ശശി, ഡി കെ മുരളി, ആന്റണി രാജു, ജി സ്റ്റീഫൻ, ഐ ബി സതീഷ്, കെ ആൻസലൻ, വി കെ പ്രശാന്ത്, സി കെ ഹരീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
- Log in to post comments