പകർച്ചവ്യാധി പ്രതിരോധം : അവലോകന യോഗം ചേർന്നു
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പിലെയും ഇതര സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. വി.കെ പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു യോഗം.
കവടിയാർ, നന്തൻകോട്, ശാസ്തമംഗലം, വട്ടിയൂർക്കാവ്, കണ്ണമ്മൂല പ്രദേശങ്ങളിൽ ഡെങ്കിപ്പനി, ചെള്ളുപനി എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ, പൊതുമരാമത്ത് വിഭാഗം, ഇറിഗേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഓടകളും കനാലുകളും സമയബന്ധിതമായി ശുചീകരിക്കണം.
വിവിധ ഡിപ്പാർട്ടുമെന്റുകളുമായി കൂടി ആലോചിച്ച് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് എം.എൽ.എ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും വാട്ടർ ടാങ്കുകൾ ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.
തിരുവനന്തപുരം നഗരസഭ നികുതി അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ സുരകുമാരി, കൗൺസിലർ എം.എസ് കസ്തൂരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡോ. ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ വകപ്പ്, തൊഴിൽ വകുപ്പ്, വാട്ടർ അതോറിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments