Skip to main content

മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരും : മന്ത്രി ഡോ. ആർ. ബിന്ദു • കേരള ഭാഷ നെറ്റ് വർക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

മലയാള ഭാഷ, സാഹിത്യം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. മലയാളം സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിച്ച മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായ കേരള ഭാഷാ നെറ്റ് വർക്കിന്റെ ഓഫീസ് ഉദ്ഘാടനം, നാലുവർഷ ബിരുദ കോഴ്സിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

'ഭാഷ അതിജീവനത്തിന്റെ ആയുധമാണ്. മലയാളിയെ ആഗോള പൗരൻമാരാക്കിയത് വിവർത്തനങ്ങളാണ്. കേരള തീരദേശത്തുകൂടി എത്തിച്ചേർന്ന എല്ലാ സംസ്കാരങ്ങളെയും ഉൾക്കൊണ്ടവരാണ് മലയാളികൾ. ആ വിശാല മാനവികതയെ ഉയർത്തിപ്പിടിക്കുക എന്ന ഉത്തരവാദിത്വം മലയാളം സർവകലാശാലയ്ക്കുണ്ട്. ഭാഷാ നെറ്റ് വർക് സ്ഥാപിക്കുന്നതിലൂടെ വിവർത്തന മേഖല, ഭാഷ കംപ്യൂട്ടിങ്, വിദേശ ഭാഷകളുടെ പഠനം എന്നിവ സാധ്യമാകും. സമഗ്രമായ കരിക്കുലം വിഭാവനം ചെയ്ത് തൊഴിൽ നൈപുണ്യവും ഗവേഷണവും പ്രോത്സാഹിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നേറുന്നു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് നൈപുണ്യ പരിശീലനത്തിന് ഊന്നൽ നൽകുന്നത്. കേരളം വൈജ്ഞാനിക സമ്പദ്ഘടന രൂപീകരണത്തിന്റെ പാതയിലാണ്'- മന്ത്രി പറഞ്ഞു.

 

ഭാഷാവൈവിധ്യം, ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 'കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്' എന്ന പേരിൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്. സാധാരണക്കാരായ വിദ്യാർതഥികൾക്ക് കുറഞ്ഞ ഫീസിൽ വിദേശ ഭാഷകൾ പഠിക്കാനും അതു വഴി തൊഴിൽ ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിൽ എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണിത്. കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റ് ഇന്ത്യൻ ആഗോള ഭാഷകളുടെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും കേരളത്തെ ഭാഷാ മികവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.

 

 തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. 

 

സുകുമാർ അഴീക്കോടിന്റെ ഗ്രന്ഥ ശേഖരം കൂടി മലയാള സർവകശാലയ്ക്ക് കൈമാറി പ്രവർത്തനങ്ങൾ വിപുലീകരിക്കും.

 അധ്യാപന പരിശീലനത്തിനുള്ള കേന്ദ്രം, ശാസ്ത്രസാങ്കേതികവിദ്യ പരിശീലന കേന്ദ്രം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ഗവേഷണം, ഗോത്രഭാഷ, ജെൻഡർ സ്റ്റഡീസ് ഇവയ്ക്ക് ഊന്നൽ നൽകുന്ന മികവിന്റെ കേന്ദ്രങ്ങൾ വിവിധ ഇടങ്ങളിൽ ഉടൻ സ്ഥാപിക്കും. 

 

 ചടങ്ങിൽ കുറുക്കളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എൽ സുഷമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു.സൈനുദ്ദീൻ, രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ എം ഭരതൻ, വിദ്യാർഥി ക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ബിരുദ പഠന കേന്ദ്രം ഡയറക്ടർ ഡോ. സുധീർ എസ് സലാം, വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ കെ ഗായത്രി, കേരള ഭാഷാ നെറ്റ്‌വർക്ക് കോഡിനേറ്റർ ഡോ ജി സജിന തുടങ്ങിയവർ സംബന്ധിച്ചു. 

 മലയാളം സർവ്വകലാശാലയുടെ ജർമ്മൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 25 പേർക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ മന്ത്രി ഡോക്ടർ ആർ ബിന്ദു വിതരണം ചെയ്തു. 

 

അസുഖബാധിതയായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ വി റാബിയെയും മന്ത്രി സന്ദർശിച്ചു.

date